‘സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തെ ഓര്‍മ്മിപ്പിക്കുന്നു’; പാക് വിമാനകമ്പനിയുടെ പരസ്യത്തിനെതിരെ അന്വേഷണം
ഇസ്ലാമാബാദ്: നാലുവര്‍ഷങ്ങള്‍ക്ക് ശേഷം പാരിസിലേക്ക് വിമാനസര്‍വീസ് പുനഃരാരംഭിച്ചതിന്റെ സന്തോഷം പങ്കുവെക്കാനായി പുറത്തിറക്കിയ പരസ്യത്തില്‍ പുലിവാല് പിടിച്ച് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ.) വിമാന കമ്പനി. ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച പരസ്യത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ പരസ്യമെന്ന വ്യാപകവിമര്‍ശനത്തെ തുടര്‍ന്നാണ് പാകിസ്താന്‍ സര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ജനുവരി 10-ന് സാമൂഹിക മാധ്യമമായ എക്സിലാണ് (പഴയ ട്വിറ്റര്‍) പരസ്യം ആദ്യം പ്രത്യക്ഷപ്പെട്ടത്. പി.ഐ.എ.യുടെ ഔദ്യോഗിക അക്കൗണ്ടിലാണ് പരസ്യം പോസ്റ്റ് ചെയ്തിരുന്നത്. ഫ്രഞ്ച് പതാകയുടെ പശ്ചാത്തലത്തിലുള്ള ഈഫല്‍ ടവറിന്റെ ചിത്രവും ഒരു വിമാനവുമാണ് പരസ്യത്തില്‍ ഉണ്ടായിരുന്നത്. ഈഫല്‍ ടവറിന് നേരെ ഒരു വിമാനം പറക്കുന്ന തരത്തിലാണ് പരസ്യത്തിലെ ചിത്രീകരണം. ‘പാരിസ്, ഞങ്ങള്‍ ഇന്ന് വരികയാണ്’ എന്ന അടിക്കുറിപ്പോട് കൂടിയാണ് പി.ഐ.എ. പരസ്യം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
Source link