KERALAM

ജാമ്യ ബോണ്ടിൽ ഒപ്പ് വയ്‌ക്കില്ലെന്ന് ബോബി, കോടതിയെ അറിയിക്കാൻ പ്രോസിക്യൂഷൻ

കൊച്ചി: നടി ഹണി റോസിനെ അപമാനിച്ച കേസിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ കൂട്ടാക്കാതെ ബോബി ചെമ്മണ്ണൂർ. ജാമ്യ ഉത്തരവുമായി അഭിഭാഷകർ‍ കാക്കനാട് ജില്ലാ ജയിലിൽ എത്തിയെങ്കിലും ബോബി സഹകരിക്കാൻ തയാറായില്ലെന്നാണ് വിവരം. ചൊവ്വാഴ്ച പകൽ മൂന്നരയ്ക്കാണ് ഹൈക്കോടതി ജാമ്യ ഉത്തരവ് പുറത്തുവിട്ടത്. തുടർന്ന് ഇതുമായി അഭിഭാഷകർ ജയിലിൽ എത്തിയെങ്കിലും അകത്തേക്ക് കടന്നില്ലെന്ന വിവരമാണ് ലഭിക്കുന്നത്.

ജാമ്യ ഉത്തരവനുസരിച്ച് ബോണ്ടിൽ ഇന്ന് ഒപ്പുവയ്ക്കില്ലെന്ന് ബോബി അഭിഭാഷകരെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. റിലീസ് ഓർഡർ എത്താത്ത സാഹചര്യത്തിൽ സമയപരിധി കഴിഞ്ഞെന്ന് ജയിൽ അധികൃതർ അറിയിച്ചതായും വിവരമുണ്ട്. ബോബിയുടെ നടപടി പ്രോസിക്യൂഷൻ ബുധനാഴ്ച ഹൈക്കോടതിയെ അറിയിച്ചേക്കും.

ജാമ്യത്തുക അടയ്‌ക്കാൻ സാധിക്കാത്ത 15 റിമാൻഡ് തടവുകാർ ഒപ്പമുണ്ട്. ഇവർക്ക് ജാമ്യത്തുകയും അഭിഭാഷകരെയും ഏർപ്പാടാക്കും. തുടർന്ന് ഇവർക്കൊപ്പം ഇന്ന് ഇറങ്ങാനാണ് ബോബിയുടെ നീക്കമെന്നാണ് സൂചന.

ബോഡി ഷെയിമിംഗ് അനുവദിക്കാനാകില്ലെന്ന് നിലപാടെടുത്ത ഹൈക്കോടതി കർശന ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ ആറു ദിവസമായി കാക്കനാട് ജില്ലാ ജയിലിലാണ് ബോബി.

ബോബിക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇന്നലെ വിലയിരുത്തി. വാക്കുകൾ ദ്വയാർത്ഥപ്രയോഗങ്ങളാണെന്നും ലൈംഗികച്ചുവയുള്ള പരാമർശങ്ങളാണെന്നും ഏതൊരു മലയാളിക്കും മനസിലാകുമെന്നും പറഞ്ഞു. ഏഴു വർഷത്തിൽ താഴെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്നത് കണക്കിലെടുത്താണ് ജാമ്യം. മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.


Source link

Related Articles

Back to top button