ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായതിന് പിന്നാലെ പരാതിക്കാരിയായ ഹണി റോസിന്റെ വസ്ത്രധാരണത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു.
എന്ത് വസ്ത്രം ധരിക്കണമെന്നത് ഓരോ വ്യക്തികളുടെയും ഇഷ്ടമാണ്. എന്നാൽ നടിയുടെ വസ്ത്രധാരണത്തെ വിമർശിച്ചുകൊണ്ട് രാഹുൽ ഈശ്വറിനെപ്പോലുള്ള ചിലർ രംഗത്തെത്തിയിരുന്നു. വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള നടിയുടെയും കുടുംബത്തിന്റെയും പഴയൊരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഉദ്ഘാടനത്തിന് പോകുമ്പോൾ ഹണി റോസ് ധരിക്കുന്ന വസ്ത്രങ്ങളെല്ലാം തിരഞ്ഞെടുക്കുന്നത് താനാണെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടിയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. എന്നാൽ വസ്ത്രധാരണത്തിന്റെ പേരിൽ തെറിവിളി കേൾക്കുന്നത് മകളാണെന്നും വിമർശനങ്ങൾ വരുമ്പോൾ എന്താണ് ആരും തന്റെ പേര് പറയാത്തതെന്ന് ചോദിക്കാറുണ്ടെന്നുമാണ് ആ അമ്മ പറയുന്നത്.
അതേസമയം, ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയ കേസിൽ ജാമ്യം കിട്ടിയ ബോബി ചെമ്മണ്ണൂർ ഇന്ന് രാവിലെയാണ് ജയിൽ മോചിതനായത്. ഇന്നലെ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാത്തതിന് അതിരൂക്ഷ വിമർശനമാണ് ബോബിക്കെതിരെ ഹെെക്കോടതി നടത്തിയത്. ജാമ്യം റദ്ദാക്കുമെന്ന മുന്നറിയിപ്പും നൽകി.
കേസ് പരിഗണിക്കുകയും ജാമ്യം റദ്ദാവുകയും ചെയ്യുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് അഭിഭാഷകർ പത്ത് മിനിട്ടുകൊണ്ട് നടപടി പൂർത്തിയാക്കി ഇന്ന് ബോബിയെ പുറത്തിറക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് ഇന്നലെ പുറത്തിറങ്ങാൻ സാധിക്കാത്തതെന്നാണ് തനിക്ക് അറിയാൻ സാധിച്ചതെന്നും ബോബി ചെമ്മണ്ണൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.
Source link