കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപ പരാർമശം നടത്തിയ കേസിൽ റിമാൻഡിലായിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായി. കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് ബോബിയുടെ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ജയിൽ മോചിതനായത്.
കേസ് ഇന്ന് രാവിലെ വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിഭാഗം അഭിഭാഷകർ കാക്കനാട്ടെ ജയിലിൽ എത്തി പത്ത് മിനിട്ടുകൊണ്ട് നടപടി പൂർത്തിയാക്കി ബോബിയെ പുറത്തിറക്കിയത്. ജയിൽ മോചിതനായ ബോബി ചെമ്മണ്ണൂർ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. ‘ജയിലിൽ ജാമ്യത്തുക കെട്ടിവയ്ക്കാൻ സാധിക്കാതെ വിഷമിക്കുന്ന കുറച്ച് ആളുകളുണ്ട്. അങ്ങനെ കുറച്ച് ആളുകൾ എന്നോട് വന്ന് സങ്കടം പറഞ്ഞു. പരിഹരിക്കാമെന്ന് ഞാൻ പറഞ്ഞു. അതിനുളള സമയത്തിനുവേണ്ടി ഒരു ദിവസം കൂടി നിന്നതാണ്’- ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.
കേസ് പരിഗണിക്കുന്നതിനിടെ ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമർശനമാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉന്നയിക്കുന്നത്. ബോബിയോട് നാടകം കളിക്കരുതെന്നാണ് കോടതി പറയുന്നത്. കോടതിയെ മുന്നിൽ നിർത്തി കളിക്കരുതെന്നും വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി അതിരൂക്ഷമായി വിമർശിച്ചിട്ടുണ്ട്.
ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ ജയിലിൽ തുടരുന്ന തടവുകാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജയിലിൽ തുടരുകയാണെന്നാണ് ഇന്നലെ ജയിലിലെത്തിയ അഭിഭാഷകരോട് ബോബി ചെമ്മണ്ണൂർ പറഞ്ഞത്. ഇതിനെ തുടർന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകർ മടങ്ങിയിരുന്നു. പക്ഷേ കൂടുതൽ മാദ്ധ്യമ ശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് മാറ്റിയതെന്നാണ് പറയപ്പെടുന്നത്.
Source link