കൊച്ചി: ആളും ആരവുമില്ലാതെ കാക്കനാട്ടെ ജയിലിൽ നിന്ന് തിടുക്കത്തിൽ പുറത്തുകടന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ബോബി തയ്യാറായിരുന്നില്ല. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത സഹതടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഒരുദിവസം കൂടി ജയിലിൽ കഴിഞ്ഞത്. എന്നാലിന്ന് കോടതി വീണ്ടും കേസ് പരിഗണിക്കുകയും ജാമ്യം റദ്ദാവുകയും ചെയ്യുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് അഭിഭാഷകർ പത്ത് മിനിട്ടുകൊണ്ട് നടപടി പൂർത്തിയാക്കി ബോബിയെ പുറത്തിറക്കിയത്.
ആറുദിവസമായി ജയിലിൽ കഴിയുകയായിരുന്ന ബോബിയെ പുറത്തിറങ്ങുമ്പോൾ സ്വീകരിക്കുന്നതിനായി ഓൾ കേരള മെൻസ് അസോസിയേഷൻ ഭാരവാഹികൾ ഇന്നലെ കാത്തുനിന്നിരുന്നു. സ്ത്രീകൾ ഉൾപ്പെടെ ഒരുകൂട്ടംപേർ പ്ളക്കാർഡുകളും പൂച്ചെണ്ടുകളുമേന്തി പുറത്തുനിന്നു. വലിയ ആഘോഷങ്ങളോടെ ബോബിയെ സ്വീകരിക്കാനായിരുന്നു നീക്കം. ഇതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബോബി പുറത്തിറങ്ങാത്തതോടെ സ്വീകരിക്കാനെത്തിയവർ വൈകിട്ട് ഏഴ് മണിയോടെ മടങ്ങുകയായിരുന്നു.
ഇന്ന് 10.15ന് ബോബിയുടെ അഭിഭാഷകരോട് ഹാജരാകാൻ കോടതി നിർദേശിച്ചതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂർ തിരക്കിട്ട് പുറത്തിറങ്ങിയത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് സ്വമേധയാ ഹർജി പരിഗണിക്കുന്നത്. പ്രതിഭാഗം അഭിഭാഷകരോട് അടക്കം കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ജാമ്യം ലഭിച്ചിട്ടും ഇന്നലെ പുറത്തിറങ്ങാത്തതിന് അതിരൂക്ഷ വിമർശനമാണ് ബോബിക്കെതിരെ കോടതി നടത്തിയിരിക്കുന്നത്. ഇനിയും നാടകം കളിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കോടതി.
Source link