KERALAM

ചട്ടങ്ങൾ പാലിക്കാത്ത പദവി ഏറ്റെടുക്കാനാകില്ല, ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ബി അശോക്

തിരുവനന്തപുരം: പ്രിൻസിപ്പൽ സെക്രട്ടറി റാങ്കുള്ള തന്നെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മിഷനായി നിയമിച്ചതിനെതിരെ ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ഡോ. ബി. അശോക്. ചട്ടങ്ങൾ പാലിക്കാത്ത ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പദവി തനിക്ക് ഏറ്റെടുക്കാനാവില്ലെന്ന് അശോക് കത്തിൽ വ്യക്തമാക്കി. ഐഎഎസ് കേഡറിനു പുറത്തുള്ള പദവിയിൽ നിയമിക്കുമ്പോൾ ഉദ്യോഗസ്ഥനിൽനിന്നു മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് തന്റെ കാര്യത്തിൽ പാലിച്ചില്ലെന്ന് അശോക് പറയുന്നു.

ഭരണസർവീസിൽ സുപ്രധാന ചുമതല വഹിക്കുന്ന, കേഡർ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ കേഡറിനു പുറത്തേക്കു മാറ്റാനാവില്ലെന്ന ചട്ടവും ലംഘിക്കപ്പെട്ടു. സ്വതന്ത്ര സ്ഥാപനമായ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷപദം കേഡറിനു പുറത്തുള്ളതാണ്. അത് ഏറ്റെടുക്കാനാവില്ല. തദ്ദേശ വകുപ്പിൽ നാല് മാസം മാത്രമേ താൻ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളൂ. വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒട്ടേറെ ഐഎഎസ് ഉദ്യോഗസ്ഥർ സർവീസിലുണ്ടെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ബി. അശോക് ചൂണ്ടിക്കാട്ടുന്നു.

ഡോ.ബി.അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മിഷനായി നിയമിച്ചത് കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെയാണ്. സിവിൽസർവീസ് ചട്ടഭേദഗതി പ്രകാരം,സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കമ്മിഷൻ,ട്രൈബ്യൂണലായി നിയമിക്കുന്നതിന് കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വേണം. ഇതിനായി സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ ശുപാർശ അയയ്ക്കാം. കേന്ദ്രത്തിൽ ജോയിന്റ് സെക്രട്ടറി വരെയുള്ളവരുടെ ഫയലുകൾ പഴ്സണൽ സഹമന്ത്രിയും അതിനു മുകളിലുള്ളവരുടെ ഫയൽ പഴ്സണൽ മന്ത്രാലയത്തിന്റെ ചുമതലയുള്ള പ്രധാനമന്ത്രിയുമാണ് അംഗീകരിക്കേണ്ടത്. അശോകിന് കേന്ദ്രത്തിൽ സീനിയർ അഡിഷണൽ സെക്രട്ടറി റാങ്കുള്ളതിനാൽ പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ കമ്മിഷനായി നിയമിക്കാനാവില്ലെന്നും നിയമ വിദഗ്‌ദ്ധർ വ്യക്തമാക്കുന്നു.

നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അശോക് കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിക്കും. സിവിൽ സർവീസുകാരെ കേന്ദ്രത്തിനെതിരായ അന്വേഷണങ്ങൾക്കടക്കം നിയോഗിക്കാതിരിക്കാനാണ് അനുമതി വേണമെന്ന ചട്ടഭേദഗതി കൊണ്ടുവന്നത്. ഇത് പരിഗണിക്കാതെയാണ് അശോകിന്റെ നിയമനം മന്ത്രിസഭ തീരുമാനിച്ചത്.

കമ്മിഷന് ചുമതല ശുപാർശ മാത്രം

1)നിലവിലെ തദ്ദേശനിയമങ്ങൾ വികസനം,പരിസ്ഥിതി സംരക്ഷണം എന്നിവയുടെ അടിസ്ഥാനത്തിൽ പുനഃപരിശോധിച്ച് ശുപാർശ നൽകണം.

2)ഓഫീസിലെത്താതെ പരമാവധി സേവനങ്ങൾ ഓൺലൈനായി ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ശുപാർശകൾ നൽകണം.

3)മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങളും ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും പരിശോധിച്ച് ഗുണകരമായ കാര്യങ്ങൾ ശുപാർശ ചെയ്യാം

4)മൊബൈൽആപ്പുകൾ,ഇ-ഓഫീസ്,ഡിജിറ്റലൈസേഷൻ എന്നിവയിൽ നിലവിലെ ചട്ടങ്ങൾ പരിഷ്കരിക്കാനുള്ള ശുപാർശ

5)പദ്ധതികൾ നടപ്പാക്കുന്നതിന് ഫണ്ടുലഭ്യത കൂടി മുന്നിൽക്കണ്ടുള്ള ശുപാർശകൾ നൽകാം. അന്താരാഷ്ട്ര മാതൃകകളും നിർദ്ദേശിക്കാം.

6)തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ജനസൗഹൃദമാക്കാനും വിഭവങ്ങൾ വർദ്ധിപ്പിക്കാനുമുള്ള ശുപാർശകൾ നൽകണം.

കാലാവധി ഒരുവർഷം

കമ്മിഷന്റെ കാലാവധി ഒരുവർഷമാണ്. തദ്ദേശ ഉദ്യോഗസ്ഥരെ കമ്മിഷനിലേക്ക് പുനർവിന്യസിക്കും.

ചെലവ് ധനവകുപ്പ് വഹിക്കണം. വാഹനവും ഡ്രൈവറും ടൂറിസംവകുപ്പ് നൽകണം.


Source link

Related Articles

Back to top button