കോട്ടയം: വിദ്വേഷ പരാമർശ കേസിൽ മുൻ എംഎൽഎ പി സി ജോർജിന് മുൻകൂർ ജാമ്യം. കോട്ടയം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജനുവരി ആറിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ ഈരാറ്റുപേട്ട പൊലീസാണ് ജോർജിനെതിരെ കേസെടുത്തത്. മതസ്‌പർദ്ധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ചാനൽ ചർച്ചയിൽ ജോർജ് മുസ്ളീം വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്.
ഇന്ത്യയിലെ മുസ്ളീങ്ങൾ മതവർഗീയവാദികളാണ്. ആയിരക്കണക്കിന് ക്രിസ്‌ത്യാനികളെയും ഹിന്ദുക്കളെയും കൊന്നു. മുസ്ളീങ്ങൾ പാകിസ്ഥാനിലേയ്ക്ക് പോകണം എന്നിങ്ങനെയായിരുന്നു പി സി ജോർജിന്റെ വിവാദ പരാമർശം. ഈരാറ്റുപേട്ടയിൽ മുസ്ളീം വർഗീയതയുണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പി സി ജോർജിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
പി സി ജോർജ് പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറഞ്ഞതാണ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മകൻ ഷോൺ ജോർജ് ആരോപിച്ചിരുന്നു. മാപ്പ് അംഗീകരിക്കാതെ അതിനെ ഏതുവിധേനയും സജീവവിഷയമാക്കാൻ ആഗ്രഹിക്കുന്നവരുണ്ട്. നല്ലവരായ, രാജ്യത്തെ സ്‌നേഹിക്കുന്ന ഇസ്ളാം സഹോദരങ്ങളെ അതിന് എതിരാക്കുക എന്ന വലിയ അജണ്ട ഇത്തരക്കാർക്ക് പിന്നിലുണ്ട്. യഥാർത്ഥത്തിൽ അവരാണ് നാട്ടിൽ മതസ്പർദ്ധ വളർത്തുന്ന പ്രവർത്തനം ചെയ്യുന്നതെന്നും ഷോൺ പറഞ്ഞിരുന്നു.
Source link