കൊച്ചി: ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹെെക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി. സംഭവത്തിൽ ബോബി നിരുപാധികം മാപ്പ് ചോദിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ മുൻപാകെ അദ്ദേഹത്തിന്റെ അഭിഭാഷകൻ ക്ഷമാപണം നടത്തി. ഇതോടെ ക്ഷമാപണം സ്വീകരിച്ച് കോടതി ഈ കേസിലെ തുടനടപടികൾ അവസാനിപ്പിച്ചു.
ബോബി ചെമ്മണൂർ ഇനി വാ തുറക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിക്ക് ഉറപ്പ് നൽകി. നിരുപാധികം മാപ്പുനൽകണമെന്നും അപേക്ഷിച്ചു. മാദ്ധ്യമങ്ങളെ കണ്ടപ്പോൾ ബോബിക്ക് നാക്കുപിഴച്ചതാണെന്നും കോടതിയ അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തുടർന്നാണ് കോടതി മാപ്പ് സ്വീകരിച്ച് സ്വമേധയാ എടുത്ത കേസ് തീർപ്പാക്കിയത്. കോടതിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തേണ്ടെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ബോബിയുടെ അഭിഭാഷകനെ ഓർമ്മിപ്പിച്ചു. ഒളിമ്പിക്സ് മെഡൽ കിട്ടിയത് പോലെയാണ് ബോബി പെരുമാറിയതെന്നും ഹെക്കോടതി വിമർശിച്ചു.
അതേസമയം, ജാമ്യ ഉത്തരവ് എത്താൻ വെെകിയതിനാലാണെന്ന് പുറത്തിറങ്ങാൻ വെെകിയതെന്ന് ബോബി പറഞ്ഞു. ആരെയും വിഷമിപ്പിക്കാനായി ഒന്നും ചെയ്തിട്ടില്ല. മാപ്പ് പറയുന്നതിൽ ഈഗോ ഉള്ള ആളല്ല താനെന്നും ബോബി വ്യക്തമാക്കി. കോടതിയോട് ബഹുമാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ ബോബിയുടെ അഭിഭാഷകരെ വിളിച്ചുവരുത്തിയ കോടതി, എന്തുകൊണ്ടാണ് ബോബി ചൊവ്വാഴ്ച കാക്കനാട് ജില്ലാ ജയിലിൽനിന്ന് പുറത്തിറങ്ങാതിരുന്നതെന്ന് അന്വേഷിച്ചിരുന്നു. പിന്നാലെ രൂക്ഷവിമർശനം ഉന്നയിക്കുകയും, കോടതിയെ ധിക്കരിച്ചാൽ ജാമ്യം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.
Source link