ന്യൂഡൽഹി∙ മുഗൾകാലഘട്ടത്തിൽ ആഡംബരങ്ങളുടെ പ്രതിബിംബമായിരുന്നു ശീശ് മഹലുകൾ അഥവാ സ്ഫടിക കൊട്ടാരങ്ങൾ. രാജാക്കന്മാർ താമസിച്ചിരുന്ന കോട്ടകൾക്കുള്ളിൽ വിലയേറിയ വെളുത്ത മാർബിളുകളും ദർപ്പണങ്ങളും പവിഴങ്ങളും മുത്തുകളും പതിപ്പിച്ചാണ് ശീശ് മഹലുകൾ നിർമിച്ചിരുന്നത്. അത്യാഡംബരത്തിന്റെ ഈ മഹലുകൾക്കുള്ളിലെ നൃത്തവും പാട്ടും രാജചർച്ചകളുമൊക്കെ മുഗൾ ചക്രവർത്തിമാർക്ക് ദുഷ്പേരുകൾ സമ്മാനിച്ചവയാണ്. ലാഹോറിലും ആഗ്രയിലും പട്യാലയിലും അജ്മേർ കോട്ടയിലും ജയ്പുരിലും മധ്യപ്രദേശിലെ ഓർച്ച കോട്ടയിലുമെല്ലാം മുഗൾകൊട്ടാര നിർമിതികൾക്കുള്ളിൽ ഇന്നും ശീശ് മഹലുകൾ കാണാം.
21–ാം നൂറ്റാണ്ടിലുമുണ്ട് ശീശ് മഹലിന്റെ രാഷ്ട്രീയം. ജനക്ഷേമത്തിലൂടെയും ആദർശങ്ങളിലൂടെയും ജനശ്രദ്ധ പിടിച്ചുപറ്റി 10 വർഷത്തോളം തുടർഭരണം നടത്തിവരുന്ന ആംആദ്മി പാർട്ടിയെ (എഎപി) പ്രതികൂട്ടിലാക്കിയിരിക്കുകയാണ് ശീശ് മഹൽ അഥവാ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി.
മേൽക്കൂര തകർന്ന് തുടക്കംഫ്ലാഗ് സ്റ്റാഫ് റോഡിൽ 1942–ൽ നിർമിച്ച 6–ാം നമ്പർ ബംഗ്ലാവാണ് ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. പ്രത്യേക ഓഫിസോടുകൂടി 5 കിടപ്പുമുറിയുള്ള വീട് ഡൽഹി പൊതുമരാമത്ത് വകുപ്പിന്റെ (പിഡബ്ല്യുഡി) ഉടമസ്ഥതയിലാണ്. 2015 മുതൽ കേജ്‌രിവാളിന്റെ ഔദ്യോഗിക വസതിയായിരുന്നു. വർഷാവർഷമുള്ള മരാമത്ത് പണികൾക്കിടെ 2019–ന്റെ അവസാനത്തിൽ കെട്ടിടത്തിലെ ശുചിമുറിയുടെ മേൽക്കൂര തകർന്നുവീണു. ഇതോടെ കെട്ടിടത്തിന്റെ സുരക്ഷാ ഓഡിറ്റ് വേണമെന്ന ആവശ്യം മന്ത്രിസഭ മുന്നോട്ടുവച്ചു. 2020 മാർച്ചിൽ, അന്നത്തെ പിഡബ്ല്യുഡി മന്ത്രി സത്യേന്ദർ ജെയിൻ, താഴത്തെ നിലയുടെ പുനർനിർമാണവും മറ്റൊരു നില കൂട്ടിച്ചേർക്കലും ‘അടിയന്തരമാണെന്ന്’ നിർദേശിച്ചു. അങ്ങനെ 2020–ലെ കോവിഡ് കാലത്ത് നിർമാണം തുടങ്ങി.
കോവിഡ് മഹാമാരി ഏറ്റവുമധികം നാശം വിതച്ച സംസ്ഥാനമായിരുന്നു ഡൽഹി. തലസ്ഥാനം ദുരിതത്തോട് പോരാടുമ്പോൾ ‘സാധാരണക്കാരുടെ (ആംആദ്മി)’ മുഖ്യമന്ത്രിയെന്ന വിശേഷണത്തിൽ അധികാരത്തിലെത്തിയ കേജ്‌രിവാൾ കൊട്ടാരം നിർമിക്കുന്നുവെന്ന ആരോപണം ആദ്യം ഉയർത്തിയത് ബിജെപിയാണ്. ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ചാണു മുഖ്യമന്ത്രിയുടെ വസതി മോടിപിടിപ്പിക്കുന്നതെന്നും ബിജെപി ആരോപിച്ചു.
മുറിവേൽപിച്ച കൊട്ടാരം2023 മേയിൽ വസതി നിർമാണത്തിലെ ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്സേനയ്ക്കു പരാതി നൽകി. പിന്നാലെ മുഖ്യമന്ത്രിയുടെ ‘ശീശ്മഹലിൽ’ നിർമാണത്തിൽ ബിജെപിയും അന്വേഷണം ആവശ്യപ്പെട്ടു. ഇതോടെ ലഫ്. ഗവർണർ അന്വേഷണത്തിന് ഉത്തരവിട്ടു.
‘ശീശ്മഹൽ’ എന്നു വിവാദത്തിനു പേരിട്ടതും ബിജെപിയാണ്. 2023 സെപ്റ്റംബറിൽ അന്വേഷണം സിബിഐയിലേക്കെത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് 2024 ഓഗസ്റ്റിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സിപിഡബ്ല്യുഡി) 3 എൻജിനീയർമാരെ സസ്‌പെൻഡ് ചെയ്തു. പിന്നാലെ 7.91 കോടി രൂപ നവീകരണച്ചെലവ് കണക്കാക്കിയിരുന്നത് 33.66 കോടി രൂപയായി ഉയർന്നുവെന്ന സിഎജി റിപ്പോർട്ടിന്റെ വിശദാംശങ്ങളും പുറത്തുവന്നു. നവംബറിൽ തയാറായ റിപ്പോർട്ട് ഡൽഹി നിയമസഭയിൽ ഇതുവരെ അവതരിപ്പിക്കാൻ എഎപി സർക്കാർ അനുവദിച്ചില്ല.
ആഡംബരവും ആംആദ്മി ‘കി’ പാർട്ടിയുംമുഖ്യമന്ത്രി വസതി സർക്കാർ സ്വത്താണെന്നും കേജ്‌രിവാളിന്റെ സ്വകാര്യ സ്വത്തല്ലെന്നും ഭാവി മുഖ്യമന്ത്രിമാർക്ക് അനുവദിക്കുമെന്നുമാണ് സഞ്ജയ് സിങ്, രാഘവ് ചദ്ദ തുടങ്ങി എഎപി നേതാക്കളുടെ വാദം. എന്നാൽ സാധാരണ രാഷ്ട്രീയക്കാർ പദവികളിലേക്ക് എത്തുമ്പോൾ അനുഭവിക്കുന്ന ആഡംബര വസതികളോ വിലകൂടിയ സർക്കാർ വാഹനങ്ങളോ സുഖസൗകര്യങ്ങളോ ഉപയോഗിക്കില്ലെന്നു പറഞ്ഞ് അധികാരത്തിലെത്തിയ ആംആദ്മി ‘കി’ പാർട്ടി പൊതു ഫണ്ട് ദുരുപയോഗം ചെയ്തതിന്റെ പ്രതീകമായി മാറിയെന്നാണു പ്രതിപക്ഷത്തിന്റെ ആക്ഷേപം.
മദ്യനയക്കേസിൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് കേജ്‌രിവാൾ വസതിയൊഴിഞ്ഞത്. ശേഷം സ്ഥാനമേറ്റ അതിഷി വിവാദ ബംഗ്ലാവിൽ താമസിക്കാൻ തയാറായില്ല. ഇതേത്തുടർന്ന് അതിഷിക്കു മറ്റൊരു വസതി അനുവദിച്ച പിഡബ്ല്യുഡി ‘ശീശ്മഹലിനു’ പൂട്ടിട്ടു.
English Summary:
Sheesh Mahal controversy: The Delhi Chief Minister’s residence, nicknamed the “Sheesh Mahal,” is at the center of a major controversy. Accusations of corruption and misuse of public funds, fueled by a massive cost overrun and a CAG report, have severely damaged the Aam Aadmi Party’s image.
Source link