KERALAM

ജാമ്യമായിട്ടും ജയിൽ വിടാതെ ബോബി

 സഹ തടവുകാർക്കൊപ്പം ഇന്നിറങ്ങും

 ബോഡി ഷെയിമിംഗ് പറ്റില്ലെന്ന് ഹൈക്കോടതി

കൊച്ചി: ബോഡി ഷെയിമിംഗ് അനുവദിക്കാനാകില്ലെന്ന് നിലപാടെടുത്ത ഹൈക്കോടതി കർശന ഉപാധികളോടെ ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചു. നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ ആറു ദിവസമായി കാക്കനാട് ജില്ലാ ജയിലിലാണ് ബോബി.

അതേസമയം,​ ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് ഇന്നലെ ബോബി പുറത്തിറങ്ങിയില്ല. ജാമ്യത്തുക അടയ്‌ക്കാൻ സാധിക്കാത്ത 15 റിമാൻഡ് തടവുകാർ ഒപ്പമുണ്ട്. ഇവർക്ക് ജാമ്യത്തുകയും അഭിഭാഷകരെയും ഏർപ്പാടാക്കും. തുടർന്ന് ഇവർക്കൊപ്പം ഇന്ന് ഇറങ്ങാനാണ് നീക്കമെന്നാണ് സൂചന.

ബോബിക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇന്നലെ വിലയിരുത്തി. വാക്കുകൾ ദ്വയാർത്ഥപ്രയോഗങ്ങളാണെന്നും

ലൈംഗികച്ചുവയുള്ള പരാമർശങ്ങളാണെന്നും ഏതൊരു മലയാളിക്കും മനസിലാകുമെന്നും പറഞ്ഞു. ഏഴു വർഷത്തിൽ താഴെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്നത് കണക്കിലെടുത്താണ് ജാമ്യം. മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

തെളിവ് നശിപ്പിക്കരുത്;

മറ്റുകുറ്റങ്ങളിൽ പെടരുത്

അരലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആൾ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത്. മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്. ഹർജിക്കാരൻ ദ്വയാർത്ഥ പ്രയോഗങ്ങൾ ആവർത്തിക്കില്ലെന്ന അഭിഭാഷകന്റെ ഉറപ്പും കോടതി രേഖപ്പെടുത്തി. ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്ന് സർക്കാർ വാദിച്ചു. ദ്വയാർത്ഥ പ്രയോഗം പതിവാണെന്ന് ചൂണ്ടിക്കാട്ടി വീഡിയോ ദൃശ്യങ്ങളും കാണിച്ചു.


Source link

Related Articles

Back to top button