‘വിജയ് കുമാർ സിങ്ങിന്റെ മകൾ; 76.93 ലക്ഷം രൂപ ആസ്തി; കൈവശം 10 ഗ്രാം സ്വർണം, 30,000 രൂപ’: സത്യവാങ്മൂലത്തിൽ അതിഷി- Atishi | Delhi Elections | Manorama News
‘വിജയ് കുമാർ സിങ്ങിന്റെ മകൾ; 76.93 ലക്ഷം രൂപ ആസ്തി; കൈവശം 10 ഗ്രാം സ്വർണം, 30,000 രൂപ’: സത്യവാങ്മൂലത്തിൽ അതിഷി
മനോരമ ലേഖകൻ
Published: January 15 , 2025 09:36 AM IST
1 minute Read
അതിഷി
ന്യൂഡൽഹി∙ കഴിഞ്ഞ 5 വർഷത്തിനിടെ, ആകെ ആസ്തി 59.79 ലക്ഷത്തിൽനിന്ന് 76.93 ലക്ഷമായി ഉയർന്നെന്ന് മുഖ്യമന്ത്രി അതിഷിയുടെ സത്യവാങ്മൂലം. നിയമസഭാ തിരഞ്ഞെടുപ്പിൽ കൽക്കാജി മണ്ഡലത്തിൽനിന്നു ജനവിധി തേടുന്ന അതിഷി ഇന്നലെ നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂല്യത്തിലാണു വിവരങ്ങളുള്ളത്.
5 ലക്ഷം രൂപയുടെ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ഉപേക്ഷിച്ചു. കഴിഞ്ഞ സത്യവാങ്മൂലത്തിൽ ഡൽഹി സർവകലാശാല മുൻ പ്രഫസർ ‘തൃപ്ത വാഹിയുടെ മകൾ’ എന്നായിരുന്നു രേഖപ്പെടുത്തിയത്. ഇത്തവണ ‘വിജയ് കുമാർ സിങ്ങിന്റെ മകൾ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പേരിന് ഒപ്പമുണ്ടായിരുന്ന ‘മർലേന’ മാറ്റി ‘സിങ്’ എന്നു കൂട്ടിച്ചേർത്തെന്നും പിതാവിനെ മാറ്റുന്നു എന്നും എതിർ സ്ഥാനാർഥി ബിജെപിയുടെ രമേഷ് ബിദൂഡി ആരോപണം ഉന്നയിച്ചിരുന്നു.
2020ൽ ഭർത്താവിന് 81.42 ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്നു രേഖപ്പെടുത്തിയിരുന്നു. ഇത് പുതിയ സത്യവാങ്മൂലത്തിലില്ല. 10 ഗ്രാം സ്വർണം, 30,000 രൂപ എന്നിവ സ്വന്തമായുണ്ടെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
അപകീർത്തിപ്പെടുത്തൽ, മനഃപൂർവമായ അപമാനം, ശത്രുത വളർത്തൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം അതിഷിക്കെതിരെ കേസുകളുണ്ട്. മണിപ്പൂരിലാണ് ഒരു കേസ് ഫയൽ ചെയ്തിരിക്കുന്നത്. 2020ലെ തിരഞ്ഞെടുപ്പിനു മുൻപ് അതിഷിക്കെതിരെ ഒരു കേസ് മാത്രമാണുണ്ടായിരുന്നത്.
കഴിഞ്ഞ തവണ 11,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച തെക്കൻ ഡൽഹിയിലെ കൽക്കാജി മണ്ഡലത്തിൽനിന്നാണ് അതിഷി ഇക്കുറിയും മത്സരിക്കുന്നത്. ഇന്നലെ നാമനിർദേശപത്രിക സമർപ്പിച്ചു. കോൺഗ്രസിന്റെ അൽക്ക ലാംബ, ബിജെപിയുടെ രമേശ് ബിദൂഡി എന്നിവരാണ് എതിർ സ്ഥാനാർഥികൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജനങ്ങളിൽനിന്നു സംഭാവന ചോദിച്ചു തുടങ്ങിയ ക്രൗഡ് ഫണ്ടിങ് ക്യാംപെയിനു മികച്ച പ്രതികരണം ലഭിച്ചെന്ന് അതിഷി അറിയിച്ചു. 442 പേരിൽനിന്ന് 18 ലക്ഷം രൂപ ഇതുവരെ ലഭിച്ചതായി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
English Summary:
Delhi elections: Chief Minister Atishi has assets worth over Rs 75 lakh but owns no car, house, affidavit shows
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 5ibaujfugd6uh93atpasr09q4l mo-news-world-countries-india-indianews mo-judiciary-delhi-high-court mo-elections-delhi-assembly-election-2025 mo-politics-parties-aap mo-politics-leaders-atishi-marlena-
Source link