5-10 ശതമാനത്തിന് ശ്രമം
തിരുവനന്തപുരം: വെള്ളക്കരം കുത്തനെ കൂട്ടി രണ്ട് വർഷം തികയും മുമ്പേ വീണ്ടും വർദ്ധനയ്ക്ക് നീക്കം തുടങ്ങി. എല്ലാ വർഷവും ഏപ്രിൽ ഒന്നിന് 5 ശതമാനം തുക കൂട്ടാമെന്ന കേന്ദ്ര നിർദ്ദേശം ചൂണ്ടിക്കാട്ടിയാണ് വാട്ടർ അതോറിട്ടി ജനത്തെ പിഴിയാനൊരുങ്ങുന്നത്.
അധിക വായ്പയ്ക്കുള്ള വ്യവസ്ഥ പ്രകാരം, എല്ലാ വർഷവും 5 ശതമാനം നിരക്ക് വർദ്ധിപ്പിക്കണമെന്ന് 2021നാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്. 2022ൽ കേരളം 5 ശതമാനം നിരക്ക് കൂട്ടി. 2023ലും 2024ലും കേന്ദ്ര നിർദ്ദേശപ്രകാരം കൂട്ടിയില്ല. അതിന് കാരണമുണ്ട്. 2023 ഫെബ്രുവരി 3ന് ലിറ്ററിന് ഒരു പൈസ വീതം സ്വന്തം നിലയിൽ കുത്തനേ കൂട്ടിയിരുന്നു. 10,000 ലിറ്ററിന്റെ മിനിമം നിരക്ക് 44ൽ നിന്ന് 144 രൂപയായി ഉയർന്നു. ഇതിനൊപ്പം കേന്ദ്ര നിർദ്ദേശവും നടപ്പാക്കിയാൽ ഉണ്ടാകുന്ന പ്രതിഷേധം ഭയന്ന് സർക്കാർ അനുവദിച്ചില്ലെന്നു മാത്രം.
അതേസമയം, വായ്പ വേണമെങ്കിൽ ഇത്തവണ വർദ്ധന കൂടിയേ തീരൂവെന്നാണ് കേന്ദ്ര നിലപാടെന്ന് വാട്ടർ അതോറിട്ടി വാദിക്കുന്നു. കിട്ടിയ അവസരം മുതലാക്കി 2024ലേതും ചേർത്ത് 10 ശതമാനം വർദ്ധനയാണ് മനസ്സിൽ. സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
10 ശതമാനം കൂട്ടിയാൽ
10 ശതമാനമാണ് കൂട്ടുന്നതെങ്കിൽ, ഗാർഹിക മിനിമം നിരക്ക് 144ൽ നിന്ന് 158 രൂപയാകും
രണ്ടു മാസം ശരാശരി 40,000 ലിറ്റർ ഉപയോഗിക്കുന്നവർക്ക് 731 രൂപയാകും (നിലവിൽ 665 രൂപ)
ഉത്പാദന ചെലവ് കൂടുതൽ
ഉത്പാദന ചെലവിന്റെ അടിസ്ഥാനത്തിൽ നിലവിലെ താരിഫ് തന്നെ വലിയ നഷ്ടമാണെന്ന് വാട്ടർ അതോറിട്ടി. 1000 ലിറ്റർ ഉത്പാദിപ്പിക്കുന്നതിന് 24.82 രൂപ ചെലവാകുമ്പോൾ 14.4 രൂപയ്ക്കാണ് വിതരണം
നിലവിലെ നിരക്ക്
15,000 ലിറ്റർ 216 രൂപ
20,000 ലിറ്റർ 288 രൂപ
25,000 ലിറ്റർ 366 രൂപ
30,000 ലിറ്റർ 443 രൂപ
35,000 ലിറ്റർ 582 രൂപ
Source link