INDIALATEST NEWS

ഡൽഹിയിൽ പുതിയ ആസ്ഥാന മന്ദിരം; കോൺഗ്രസ് ഇന്ന് ‘ഇന്ദിരാ ഭവനി’ലേക്ക്

ഡൽഹിയിൽ പുതിയ ആസ്ഥാന മന്ദിരം; കോൺഗ്രസ് ഇന്ന് ‘ഇന്ദിരാ ഭവനി’ലേക്ക് | മനോരമ ഓൺലൈൻ ന്യൂസ് – Indira Bhavan: Congress party inaugurates its new headquarters, Indira Bhavan, in New Delhi today | India News Malayalam | Malayala Manorama Online News

ഡൽഹിയിൽ പുതിയ ആസ്ഥാന മന്ദിരം; കോൺഗ്രസ് ഇന്ന് ‘ഇന്ദിരാ ഭവനി’ലേക്ക്

മനോരമ ലേഖകൻ

Published: January 15 , 2025 01:56 AM IST

1 minute Read

പുതിയ 6 നില കെട്ടിടം സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി ∙ മുഖഛായ മാറ്റാൻ ലക്ഷ്യമിടുന്ന കോൺഗ്രസിന് ഇന്നു മുതൽ പുതിയ ആസ്ഥാന മന്ദിരം. രൂപീകരണത്തിന്റെ 140 വർഷത്തിനിടെ ഇത് ആറാമത്തെ ഓഫിസ്. 2009 ൽ 125–ാം വാർഷിക ആഘോഷവേളയിൽ പാർട്ടി അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. സോണിയ തന്നെ ഇന്ന് ഉദ്ഘാടനവും നിർവഹിക്കും. രണ്ടേക്കർ സ്ഥലത്ത് 6 നിലകളിലായി മന്ദിരം പൂർത്തിയായി. ഇന്ദിരാഭവനെന്നു പേരിട്ട ഓഫിസിന്റെ ഉദ്ഘാടനം കഴിഞ്ഞ ഡിസംബർ 28നു പാർട്ടിയുടെ ജന്മദിനത്തിൽ ആലോചിച്ചെങ്കിലും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണം മൂലം മാറ്റിവയ്ക്കുകയായിരുന്നു. മകരസംക്രാന്തിയോട് അടുത്ത ശുഭദിനത്തിലാണ് ഓഫിസ് മാറ്റം. 

∙ അയൽവക്കത്തെ ‘പാർട്ടിക്കാർ’  ബിജെപിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന ദീൻദയാൽ ഉപാധ്യായ റോഡിനോടു ചേർന്നാണ് കെട്ടിടമെങ്കിലും കോട്‌ല റോഡിലെ 9–ാം നമ്പറായിരിക്കും ഇന്ദിരാഭവന്റെ വിലാസം. ഇതിനായി പ്രധാന കവാടം കോട്‌ല റോഡിലേക്ക് മാറ്റി. 1991 ൽ എഐസിസിയുടെ അനുബന്ധ ഓഫിസും മറ്റും പ്രവർത്തിച്ച റെയ്‌സിന റോഡ് 3 ലെ ഓഫിസ് കവാടവും കോൺഗ്രസ് ഇതുപോലെ മാറ്റിയിരുന്നു. റെയ്‌സിന റോഡിൽ നിന്ന് വാതിൽ ഡോ. രാജേന്ദ്ര പ്രസാദ് റോഡിലേക്കു മാറ്റി. റെയ്‌സിന റോഡിൽ എതിർവശത്ത് എ.ബി. വാജ്‌പേയിയുടെ വീടായിരുന്നു. ഈ മന്ദിരം രാജീവ് ഗാന്ധി വധത്തിനു ശേഷം അദ്ദേഹത്തിന്റെ പേരിൽ ഫൗണ്ടേഷനാക്കി. സിപിഐയുടെ ആസ്ഥാനമായ അജോയ് ഭവനും കോട്‌ല റോഡിലാണ്. ആംആദ്മി പാർട്ടി, ഡിഎംകെ തുടങ്ങിയവയുടെ ഓഫിസുകളും അടുത്ത റോഡിലുണ്ട്. 

∙ ചരിത്രമുറങ്ങും ഓഫിസുകൾ ജവാഹർലാൽ നെഹ്റുവിന്റെ പിതാവ് മോത്തിലാൽ നെഹ്റു 1930 ൽ അലഹാബാദിൽ താമസത്തിനായി ആനന്ദഭവൻ നിർമിച്ചതോടെ നേരത്തേ താമസിച്ചിരുന്ന സമീപത്തെ സ്വരാജ് ഭവൻ പാർട്ടിക്കു നൽകി. ഇതായിരുന്നു പാർട്ടിയുടെ ആദ്യ ആസ്ഥാന മന്ദിരം. 1969–ൽ ആനന്ദഭവൻ ഇന്ദിരാ ഗാന്ധി രാജ്യത്തിനു സമർപ്പിച്ചു. 
സ്വാതന്ത്ര്യലബ്ധിയോടെയാണ് പാർട്ടി ഡൽഹിയിലേക്ക് ഓഫിസ് മാറ്റിയത്. ജന്തർ മന്തർ റോഡിലെ ഏഴാം നമ്പർ ബംഗ്ലാവിലേക്കായിരുന്നു ആ മാറ്റം. അക്കാലത്ത് ഓഫിസ് മാറ്റത്തിനായി കോൺഗ്രസിന് 7 ലക്ഷം രൂപയിലേറെ ചെലവു വന്നുവെന്നാണ് കണക്ക്. 1969–ൽ പാർട്ടി പിളർന്ന ഘട്ടത്തിൽ ഇന്ദിര അനുകൂലികൾ അവകാശവാദം ഉന്നയിച്ചെങ്കിലും എസ്. നിജലിംഗപ്പയുടെ നേതൃത്വത്തിലുള്ള സംഘടനാ കോൺഗ്രസ് ജന്തർ മന്തർ ഓഫിസ് നിലനിർത്തി. അവർ ജനതാ പാർട്ടിയിൽ ലയിച്ചതോടെ ആ ഓഫിസ് ജനതാ പാർട്ടി ആസ്ഥാനമായി. ജെഡിയു ഓഫിസ് ഇപ്പോഴും അതിലുണ്ട്. 

പിളർപ്പോടെ ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് വിൻസർ പാലസിലെ 21–ാം നമ്പർ ബംഗ്ലാവിലേക്കു മാറി. പിന്നീട് രാജേന്ദ്ര പ്രസാദ് റോഡിലെ അഞ്ചാം നമ്പർ ബംഗ്ലാവായിരുന്നു ഏറെക്കാലം കോൺഗ്രസ് ആസ്ഥാനം. ഇന്ദിരാ സർക്കാരിൽ നിന്നു രാജിവയ്ക്കും വരെ മൊറാർജി ദേശായി താമസിച്ച ബംഗ്ലാവായിരുന്നു അത്. 1971–ൽ ഇന്ദിരയുടെ ഐതിഹാസിക ജയവും അടിയന്തരാവസ്ഥയുമെല്ലാം പാർട്ടി ഈ ഓഫിസിലായിരിക്കെയായിരുന്നു. 
വീണ്ടും പാർട്ടിയിൽ പിളർപ്പുണ്ടായ 1978–ൽ ഇതുപോലൊരു ജനുവരിയിലാണ് ഇന്ദിരയും സംഘവും അക്ബർ റോഡിലെ 24–ാം നമ്പർ ബംഗ്ലാവിലേക്ക് മാറിയത്. ഈ ഓഫിസിലായിരിക്കെ, പലകുറി തിരിച്ചുവരവുകളും തളർച്ചയും താണ്ടിയ പാർട്ടിയുടെ 46 വർഷങ്ങൾ നാളെ ചരിത്രത്തിന്റെ ഭാഗമാകും. 

English Summary:
Indira Bhavan: Congress party inaugurates its new headquarters, Indira Bhavan, in New Delhi today

56sugtueo21cflht5omeedrtv1 mo-news-common-newdelhinews mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-soniagandhi mo-politics-parties-congress


Source link

Related Articles

Back to top button