മുസ്ലിം ലീഗ് വർഗീയ ശക്തികൾക്ക് കീഴ്പ്പെടുന്നു, ഈ രാഷ്ട്രീയം അപകടകരമെന്ന് മനസിലാക്കിയില്ലെങ്കിൽ വൻ ദുരന്തമുണ്ടാകുമെന്ന് മുഖ്യമന്ത്രി
മലപ്പുറം: മുസ്ലിംലീഗ് വർഗീയ ശക്തികളോട് കീഴ്പ്പെടുന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭാവിയിൽ വർഗീയ ശക്തികൾ ലീഗിനെ തന്നെ വിഴുങ്ങുന്ന സ്ഥിതിയുണ്ടാകും. ഈ രാഷ്ട്രീയം അപകടകരമെന്ന് മുസ്ലിംലീഗ് മനസിലാക്കിയില്ലെങ്കിൽ വൻദുരന്തമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുന്നി വിഭാഗം എക്കാലവും അകറ്റി നിറുത്തിയവരാണ് ജമാഅത്തെ ഇസ്ലാമി. ഇവർ ഇപ്പോൾ യു.ഡി.എഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിംലീഗിന് ഇപ്പോൾ അവരോട് വല്ലാത്ത പ്രതിപത്തിയാണ്. ഇത് അപകടകരമാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. നാല് വോട്ടിനുവേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാട്ടുന്നവരല്ല തങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂരിപക്ഷ വർഗീയതയ്ക്ക് ന്യൂനപക്ഷ വർഗീയതയല്ല മരുന്ന്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പര പൂരകങ്ങളാണ്. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. എന്നാൽ അതിന് വർഗീയതയോട് കീഴ്പ്പെടുകയല്ല വേണ്ടത്. മതനിരപേക്ഷതയാണ് വർഗിയതയ്ക്കുള്ള മറുമരുന്ന്. എന്നാൽ കേരളത്തിൽ കോൺഗ്രസും ബി.ജെ.പിയും യോജിപ്പോടെ സർക്കാരിനെ എതിർക്കുകയാണ്. നാല് വോട്ടിന് വേണ്ടി ആരെയും സ്വീകരിക്കാമെന്ന കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാട് അപകടകരമാണെന്നും പിണറായി വ്യക്തമാക്കി.
Source link