ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്കെതിരെ വാക്കോ നോട്ടമോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്താൽ കർശന നടപടിയുണ്ടാകും. സ്ത്രീകൾക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് തെറ്റായ പ്രവണ ഉണ്ടായാലും അവരെ നേരിടും. സ്ത്രീകളോട് നോക്കിലോ വാക്കിലോ തെറ്റായ രീതി പാടില്ല’,- മുഖ്യമന്ത്രി വ്യക്തമാക്കി.
സമ്മേളനത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവും പിണറായി വിജയൻ നടത്തി. അകറ്റിനിർത്തേണ്ട വർഗീയ ശക്തികളെ യുഡിഎഫ് കൂടെ കൂട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസും ബിജെപിയും പിന്തുടരുന്നത് ഒരേ നയമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കോൺഗ്രസ് കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നില്ല. അവർക്ക് ചോദ്യം ചെയ്യാനാകില്ല.
കാരണം മോദി തുടരുന്നത് കോൺഗ്രസ് കൊണ്ടുവന്ന നയങ്ങളാണ്. അതായത് ഫലത്തിൽ ഇരുവരുടെയും നയം ഒന്നാണ്. വർഗീയ ശക്തികൾക്ക് കേരളത്തിൽ അഴിഞ്ഞാടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2011-16 വരെ ഒരു ദുരന്തവും കേരളത്തിൽ ഉണ്ടായില്ല. എന്നാൽ യുഡിഎഫ് ഭരണം എന്ന ദുരന്തമുണ്ടായെന്നും പിണറായി വിജയൻ പരിഹസിച്ചു.
നാഷണൽ ഹെെവേ നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. എൽഡിഎഫ് അത് നടപ്പാക്കി. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വ്യത്യാസം ഇതാണ്. ഇപ്പോൾ എല്ലാം ഭംഗിയായി നടക്കുന്നില്ലെയെന്നും അദ്ദേഹം ചോദിച്ചു.
Source link