KERALAM

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി; പോസ്റ്റർ നേരത്തെ തന്നെ തയ്യാറാക്കിയെന്ന് സംശയം

നെയ്യാറ്റിൻകര: അതിയന്നൂർ കാവുവിള ഗോപൻ സ്വാമിയുടെ സമാധി പോസ്റ്റർ അച്ചടിച്ചതിലും ദുരൂഹതയെന്ന് പൊലീസ്. എവിടെ നിന്നാണ് പോസ്റ്റർ തയ്യാറാക്കിയതെന്നതിൽ മക്കൾ വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് പൊലീസ് പറയുന്നു. പോസ്റ്റർ നേരത്തെ തന്നെ തയ്യാറാക്കിയതായും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സമാധി തുറക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ഇന്നുണ്ടാവും.

വീട്ടുകാർ ശക്തമായി പ്രതിഷേധിച്ചതോടെ സമാധി പൊളിക്കുന്ന നടപടി താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. സമാധി പൊളിക്കുന്നതിനെതിരെ കുടുംബവും ചില സംഘടനാ പ്രവർത്തകരും രംഗത്തുവരികയായിരുന്നു. സമാധി പൊളിച്ച് വാസ്തവം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം നാട്ടുകാരും സംഘടിച്ചു. ഇതോടെ നാടകീയ രംഗങ്ങളാണ് ഇന്നലെ സ്ഥലത്ത് അരങ്ങേറിയത്. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നാണ് ഗോപൻ സ്വാമിയുടെ കുടുംബം അറിയിക്കുന്നത്.

ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11ഓടെ നടന്നുപോയി സമാധിസ്ഥലത്തെത്തി പത്മാസനത്തിൽ ഇരുന്ന് സമാധിയായെന്നാണ് ഇളയമകൻ രാജസേനൻ പറയുന്നത്. തുടർന്ന് സംസ്‌കാര ചടങ്ങുകൾ നടത്തി കോൺക്രീറ്റ് അറയിൽ അടച്ചു. എന്നാൽ ഗോപൻ സ്വാമി കിടപ്പിലായിരുന്നെന്നാണ് ബന്ധുവിന്റെ മൊഴി. ഗോപൻസ്വാമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ പരാതി പൊലീസിന് മുന്നിലുണ്ട്.

വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് ലഭിച്ചത്. ഇതോടെയാണ് സമാധിസ്ഥലം പൊളിക്കാൻ കളക്ടർ ഉത്തരവിട്ടത്. പൊളിക്കാൻ കഴിയാതെ സബ്കളക്ടർ മടങ്ങിയതോടെ ദുരൂഹതയും തുടരുകയാണ്.

ഇന്നലെ രാവിലെ 11ഓടെയാണ് സബ് കളക്ടറുടെ നേതൃത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തിയത്. പരിശോധന നടക്കുന്നതിനിടെ സ്ഥലത്തേക്ക് ഓടിയെത്തിയ ഗോപൻ സ്വാമിയുടെ ഭാര്യ സുശീല, മക്കളായ അനന്തൻ, രാജസേനൻ, മരുമകൾ ശ്രീദേവി എന്നിവർ ശക്തമായി പ്രതിഷേധിച്ചു. ഇതിനിടെ സമാധിസ്ഥലം പൊളിച്ച് വസ്തുത കണ്ടെത്തണമെന്നാവശ്യപ്പെട്ട് മറ്റൊരുവിഭാഗം നാട്ടുകാർ സംഘടിച്ചതോടെ സ്ഥിതി വഷളായി. പൊലീസ് ബലംപ്രയോഗിച്ചാണ് വീട്ടുകാരെയും പ്രതിഷേധിച്ചവരെയും സ്ഥലത്തു നിന്ന് മാറ്റിയത്.

ഇതോടെ സബ്കളക്ടർ, ചർച്ചചെയ്ത് തീരുമാനിക്കാമെന്ന് പറഞ്ഞ് കുടുംബാംഗങ്ങളെയും പ്രതിഷേധിച്ച സംഘടനാ പ്രതിനിധികളെയും നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖർ,അഡ്വ.രഞ്ജിത് ചന്ദ്രൻ,വാർഡ് കൗൺസിലർ അജിത എന്നിവരുമായും സബ്കളക്ടർ സംസാരിച്ചു. തുടർന്നാണ് നടപടികൾ താത്കാലികമായി അവസാനിപ്പിച്ച് സബ്കളക്ടർ മടങ്ങിയത്.


Source link

Related Articles

Back to top button