നവകേരള സദസിന് പരസ്യബോർഡ് സ്ഥാപിക്കാൻ സർക്കാർ ചെലവിട്ടത് 2.86 കോടി രൂപ, കൂടുതൽ കണക്ക് പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിന് പരസ്യബോർഡ് സ്ഥാപിക്കാൻ സർക്കാർ ചെലവിട്ടത് 2.86 കോടി രൂപ. വിവരാവകാശ അപേക്ഷയുടെ മറുപടിയായാണ് കണക്ക് പുറത്തുവന്നത്.

55 ലക്ഷം രൂപയാണ് പരസ്യബോർഡ് സ്ഥാപിക്കുന്നതിനായി സർക്കാർ അനുവദിച്ചത്. സ്വകാര്യ ഏജൻസികൾക്ക് 2.31 കോടി രൂപ കുടിശിക നൽകാനുണ്ട്. ഹോർഡിംഗുകൾ സ്ഥാപിക്കാൻ രണ്ട് കോടി 46 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. കേരളത്തിലുടനീളം 364 ഹോർഡിംഗുകളാണ് സ്ഥാപിച്ചത്.

നവകേരള കലാജാഥ നടത്താൻ സർക്കാർ ചെലവിട്ടത് 45 ലക്ഷം രൂപയാണ്. കെഎസ്‌ആർടിസി ബസുകളിൽ പ്രചാരണ പോസ്റ്ററുകൾ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയിൽവേ ജിംഗിൾസിന് 41.21 ലക്ഷം രൂപയും ചെലവായി.

ക്ഷണക്കത്ത് പ്രിന്റ് ചെയ്യാൻ അനുവദിച്ചത് 7.47 കോടി രൂപ. പോസ്റ്ററും ബ്രോഷറും ക്ഷണക്കത്തും തയ്യാറാക്കിയതിന് 9.16 കോടി രൂപ ചെലവായി. പരിപാടിക്കായി 25.40 ലക്ഷം പോസ്റ്ററുകളാണ് അച്ചടിച്ചത്. സി ആപ്റ്റിനായിരുന്നു പി.ആർ.ഡി അച്ചടി ചുമതല നൽകിയത്. 1,01,46,810 പേർക്കാണ് മുഖ്യമന്ത്രിയുടെ പേരിലുള്ള ക്ഷണക്കത്ത് അയച്ചത്. 2024 നവംബർ 18ന് തുടങ്ങി ഒരുമാസമാണ് മന്ത്രിസഭ നവകേരള സദസ്സെന്ന പേരിൽ കേരള പര്യടനം നടത്തിയത്. നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും കേരളം മുഴുവൻ സഞ്ചരിക്കാനായി ഒരുകോടിയിലേറെ രൂപ മുടക്കി നിർമിച്ച ആഡംബര ബസ് ഇപ്പോൾ പൊതുജനങ്ങൾക്കായി സർവീസ് നടത്തുകയാണ്. കോഴിക്കോടുനിന്ന് ബംഗളൂരുവിലേയ്ക്കാണ് ഗരുഡ പ്രീമിയം സ‌ർവീസ് നടത്തുന്നത്.


Source link
Exit mobile version