ബോബി തെറ്റ് ഏറ്റുപറഞ്ഞതിൽ സന്തോഷം, പരാതി കിട്ടിയാൽ രാഹുൽ ഈശ്വറിനെതിരെ നടപടിയെന്ന് വനിതാ കമ്മിഷൻ

കൊച്ചി: നടി ഹണി റോസിനെ അപമാനിച്ച കേസിൽ ബോബി ചെമ്മണ്ണൂർ തെറ്റ് ഏറ്റുപറഞ്ഞതിൽ സന്തോഷമുണ്ടെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി. ദ്വയാർത്ഥ പ്രയോഗത്തിലൂടെ ഒരു സ്ത്രീയുടെ അന്തസിനും അഭിമാനത്തിനും എതിരായിട്ടുള്ള പ്രതികരണം നടത്തിയ കോടീശ്വരനായിട്ടുള്ള വ്യക്തിയെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും, നിയമവാഴ്‌ചയുള്ള സംസ്ഥാനമാണ് കേരളമെന്ന് തെളിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് സതീദേവി പറഞ്ഞു.

സ്ത്രീകളുടെ അന്തസും അഭിമാനവും പരിരക്ഷിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ഏറ്റവും ശക്തമായിട്ടുള്ള നിയമങ്ങൾ നിലനിൽക്കുമ്പോഴും, പരാതി നൽകാൻ സ്ത്രീകൾ മുന്നോട്ട് വരാത്ത കാഴ്‌ചയാണ് പൊതുവിൽ കാണാറുള്ളത്. എന്നാൽ അതിന് തയ്യാറായി ഒരു നടി മുന്നോട്ട് വന്നപ്പോൾ കൃത്യമായ നടപടി സ്വീകരിക്കാൻ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് തയ്യാറായി. ബോബി ചെമ്മണ്ണൂർ തനിക്ക് പറ്റിയ തെറ്റ് ഏറ്റ് പറഞ്ഞതിൽ സന്തോഷം. ബോബിയെ ജയിലിൽ സന്ദർശിച്ച വിഐപികൾ ആരാണെന്ന് അറിയില്ല. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജയിലിൽ കിടക്കുന്ന ആരെയും സന്ദർശിക്കുന്നതിന് അവകാശമുണ്ട്. ശിക്ഷിക്കപ്പെടുന്നവർക്ക് പോലും അതിനുള്ള അനുവാദം ജയിൽ വകുപ്പ് നൽകാറുണ്ട്.

രാഹുൽ ഈശ്വറിനെതിരെയും നടപടിയുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സതീദേവി വ്യക്തമാക്കി. പരാതി കിട്ടിക്കഴിഞ്ഞാൽ തീർച്ചയായും വനിതാ കമ്മിഷൻ ഇടപെടുമെന്നും അദ്ധ്യക്ഷ വ്യക്തമാക്കി.


Source link
Exit mobile version