‘വേട്ടയാട് വിളയാട്’ പോലൊരു സബ്ജക്ട് മമ്മൂട്ടി സാറിനോട് പറഞ്ഞിരുന്നു: ഗൗതം മേനോൻ
‘വേട്ടയാട് വിളയാട്’ പോലൊരു സബ്ജക്ട് മമ്മൂട്ടി സാറിനോട് പറഞ്ഞിരുന്നു: ഗൗതം മേനോൻ | Mammootty Gautham Menon | Mammootty Tamil Movie | Gautham Menon Asset | Gautham Menon Salary | Vettayaadu Vilayadu 2
‘വേട്ടയാട് വിളയാട്’ പോലൊരു സബ്ജക്ട് മമ്മൂട്ടി സാറിനോട് പറഞ്ഞിരുന്നു: ഗൗതം മേനോൻ
മനോരമ ലേഖകൻ
Published: January 14 , 2025 11:36 AM IST
Updated: January 14, 2025 11:40 AM IST
2 minute Read
ഗൗതം മേനോനും മമ്മൂട്ടിയും
മമ്മൂട്ടി ഗൗതം വാസുദേവ് മേനോൻ ടീം ഒന്നിക്കുന്ന ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ് സിനിമ ജനുവരി 23ന് റിലീസിനൊരുങ്ങുമ്പോൾ ആ സിനിമ സംഭവിക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തുകയാണ് സംവിധായകൻ. 20 വർഷങ്ങൾക്കു മുൻപ് മമ്മൂട്ടിയുമായി ഒരു പ്രോജക്ട് സംസാരിച്ചെങ്കിലും അന്ന് അതു നടന്നില്ല. പിന്നീട് ഇപ്പോഴാണ് അദ്ദേഹത്തിനെ വച്ചൊരു സിനിമ ചെയ്യാൻ കഴിഞ്ഞതെന്ന് ഗൗതം വാസുദേവ് മേനോൻ പറയുന്നു. കേരളത്തിലെ അവധിക്കാലവും കോളജിലെ മലയാളി സുഹൃത്തുക്കളുമാണ് മമ്മൂട്ടിയുമായും മലയാളം സിനിമകളുമായും തന്നെ കൂട്ടിയിണക്കിയതെന്ന് ഗൗതം വാസുദേവ് മേനോൻ ഓർത്തെടുത്തു. മദൻ ഗൗരിയുമായുള്ള പോഡ്കാസ്റ്റിലാണ് ഗൗതം വാസുദേവ് മേനോൻ തന്റെ പുതിയ ചിത്രമായി ഡൊമിനിക്കിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും വാചാലനായത്.
ഗൗതം വാസുദേവ് മേനോന്റെ വാക്കുകൾ: ‘‘എന്റെ അച്ഛൻ മലയാളിയും അമ്മ തമിഴ്നാട്ടുകാരിയുമാണ്. പക്ഷേ, ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിൽ ആണ്. തമിഴ് എനിക്ക് എഴുതാനും വായിക്കാനും അറിയാം. അതുപോലെ എനിക്ക് മലയാളം അറിയില്ല. എല്ലാ വർഷവും ഞാൻ അച്ഛന്റെ കുടുംബത്തിലേക്ക് ഒരിക്കലെങ്കിലും പോകും. അവർക്കൊപ്പം സമയം ചെലവഴിക്കും. പഠിക്കുന്ന സമയത്ത് അവധിക്കാലത്ത് ഒറ്റപ്പാലത്തേക്ക് പോകുമായിരുന്നു. അച്ഛന്റെ അമ്മ 100 വയസ്സു വരെ ജീവിച്ചിരുന്നു. എനിക്ക് അവരെ ഒരുപാടു ഇഷ്ടമാണ്. അവരുടെ കൂടെയാണ് ഞാൻ കൂടുതൽ സമയവും ചിലവഴിക്കുക. കസിൻസും വരും. ചെന്നൈയിൽ ഉള്ളപ്പോൾ തമിഴ് സിനിമകളും ഹിന്ദി സിനിമകളും ഇംഗ്ലിഷ് പടങ്ങളുമാണ് കാണുക. സിബിഐ ഡയറിക്കുറിപ്പ്, ഓഗസ്റ്റ് 1, ന്യൂഡൽഹി തുടങ്ങിയ പടങ്ങൾ ചെന്നൈയിലും റിലീസ് ആയിരുന്നു. മൊഴിമാറ്റ ചിത്രങ്ങൾ ആയല്ല, മലയാളത്തിൽ തന്നെയാണ് അവ റിലീസ് ചെയ്തത്. കോളജിൽ പോകുമ്പോൾ മമ്മൂട്ടിയോ മോഹൻലാലോ എന്ന തരത്തിലുള്ള ചർച്ച നടക്കും. കാരണം, കോളജിൽ കേരളത്തിൽ നിന്ന് ധാരാളം പേരുണ്ടായിരുന്നു. അവരിലൂടെയാണ് ഞാൻ കൂടുതൽ മലയാള സിനിമകളെ കുറിച്ച് അറിഞ്ഞത്. വീട്ടിൽ അപ്പ വിസിആർ വാടകയ്ക്ക് എടുത്ത് ചില സിനിമകൾ കാണിക്കും. കോളജിലെ ചർച്ചകളിൽ മമ്മൂട്ടി സാറിനെക്കുറിച്ച് എന്റെ സഹപാഠികൾ പറയുമായിരുന്നു. നിനക്ക് ആകെ ഈ മൂന്ന് പടങ്ങളെക്കുറിച്ചല്ലേ അറിയൂ. അതിനേക്കാൾ കൂടുതൽ സിനിമകളുണ്ട് എന്നൊക്കെ!”
“പിന്നീട് 2005–06 കാലഘട്ടത്തിൽ മമ്മൂട്ടി സാറിനെ നേരിൽ കാണാൻ ഒരു അവസരം ലഭിച്ചു. അന്ന് ഒരു സബ്ജക്ട് സംസാരിച്ചിരുന്നു. ‘വേട്ടയാട് വിളയാട്’ പോലൊരു സബ്ജക്ട് ആയിരുന്നു. പക്ഷേ, ആ സമയത്ത് അതു നടന്നില്ല. ഒരു മലയാള സിനിമയ്ക്കായാണ് അന്ന് ചർച്ച നടന്നത്. പിന്നീട് അദ്ദേഹത്തിനൊപ്പം ഒരു സിനിമയിൽ അഭിനയിച്ചു. അപ്പോഴൊന്നും ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചില്ല. അതൊരു സിങ്ക് സൗണ്ടിൽ ചെയ്ത സിനിമയായിരുന്നു. അതിന്റെ കാര്യങ്ങൾ അദ്ദേഹം എന്നെ പഠിപ്പിച്ചു. ഒരുമിച്ചു അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ സിങ്ക് സൗണ്ടിൽ സീൻ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരു ക്ലാസ് എടുക്കുന്ന പോലെ അദ്ദേഹം പറഞ്ഞു തന്നു. അതിനുശേഷം ഞാനൊരു കഥ കേട്ടു. അത് എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു. രണ്ടു മൂന്നു താരങ്ങൾ ആ കഥയിൽ താൽപര്യം കാണിച്ചിരുന്നു. എനിക്കെന്തോ ഈ കഥ മമ്മൂട്ടിയോടു പറഞ്ഞാൽ കൊള്ളാമെന്നു തോന്നി. മമ്മൂട്ടി അതു ചെയ്യുമോ എന്നു ചിലർ സംശയിച്ചു. പക്ഷേ, ഞാൻ പറഞ്ഞു, ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ എന്ന്! അങ്ങനെ, അദ്ദേഹത്തിന്റെ ടീമിനെ ബന്ധപ്പെട്ട് ഒരു കഥ പറയാൻ താൽപര്യം ഉണ്ടെന്നു പറഞ്ഞു. അടുത്ത ദിവസം തന്നെ എന്നോടു വരാൻ പറഞ്ഞു. അത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.”
“അടുത്ത ദിവസം ഞാൻ ചെന്നു. രണ്ടു മണിക്കൂറോളം സംസാരിച്ചു. ആരാണ് നിർമാതാവ് എന്ന് അദ്ദേഹം ചോദിച്ചു. എന്റെ പക്കലുള്ള നിർമാതാക്കളോടു സംസാരിക്കാമെന്ന് ഞാൻ പറഞ്ഞു. വൈകുന്നേരത്തിനുള്ളിൽ മറുപടി പറയാമെന്ന് അദ്ദേഹം പറഞ്ഞത് അനുസരിച്ച് ഞാൻ ചെന്നൈയിലേക്കു തിരിച്ചു പോന്നു. അടുത്ത ദിവസം രാവിലെ എനിക്ക് അദ്ദേഹത്തിന്റെ ഫോൺ വിളി എത്തി. എവിടെയുണ്ട് എന്നായിരുന്നു ചോദ്യം. ഞാൻ ചെന്നൈയിലേക്കു പോന്നു എന്ന് ഞാൻ പറഞ്ഞു. നമുക്ക് വേഗം ഷൂട്ട് തുടങ്ങാം, എന്നോടു വേഗം കൊച്ചിയിലേക്ക് തിരികെ വരാൻ അദ്ദേഹം പറഞ്ഞു. 10 ദിവസം നമുക്ക് ഷൂട്ട് ചെയ്യാം. ഞാൻ തന്നെ നിർമാതാവ് എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ആ സിനിമ തുടങ്ങിയത്. ഇപ്പോൾ അതിന്റെ ചിത്രീകരണം പൂർത്തിയായി. ഈ മാസം റിലീസ് ചെയ്യും,’’ ഗൗതം വാസുദേവ് മോനോൻ വ്യക്തമാക്കി.
ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി കോമഡി ട്രാക്കിലെത്തുന്ന ചിത്രമാണ് ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ്. ഡൊമിനിക് എന്ന ഡിറ്റക്ടീവ് ആയാണ് താരം ചിത്രത്തിലെത്തുന്നത്. നർമ മുഹൂർത്തങ്ങളുടെ പുറംമോടിക്കപ്പുറം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രില്ലർ കൂടിയാകും സിനിമയെന്നാണ് ടീസറും ട്രെയിലറും നൽകുന്ന സൂചന. മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള വേഷത്തിൽ ഗോകുൽ സുരേഷും ചിത്രത്തിലുണ്ട്. പാച്ചുവും അദ്ഭുതവിളക്കും എന്ന ചിത്രത്തിലെ ഉമ്മച്ചി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ വിജി വെങ്കിടേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 23ന് ചിത്രം തിയറ്ററുകളിലെത്തും.
English Summary:
Gautham Menon Reveals the 20-Year Story Behind His Film with Mammootty
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-gauthammenon mo-entertainment-common-malayalammovienews mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 5anaacd1u6paolbh23vaa85eic
Source link