ഇത് കഠിനതീരുമാനം: അമ്മ ട്രഷറര്‍ സ്ഥാനത്തുനിന്ന് പിൻവാങ്ങുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ | Unni Mukundan Resign | Unni Mukundan AMMA Association
ഇത് കഠിനതീരുമാനം: ‘അമ്മ’ ട്രഷറര്‍ സ്ഥാനത്തുനിന്ന് രാജിവച്ച് ഉണ്ണി മുകുന്ദന്‍
മനോരമ ലേഖകൻ
Published: January 14 , 2025 12:05 PM IST
Updated: January 14, 2025 12:29 PM IST
1 minute Read
ഉണ്ണി മുകുന്ദൻ
താരസംഘടനയായ ‘അമ്മ’യുടെ ട്രഷറർ സ്ഥാനത്തു നിന്ന് രാജി വച്ചതായി അറിയിച്ച് ഉണ്ണി മുകുന്ദൻ. പുതിയ പ്രോജക്ടുകളുടെ വർധിച്ച ഉത്തരവാദിത്തം കണക്കിലെടുത്താണ് രാജിയെന്നാണ് വിവരം. പ്രഫഷനൽ ജീവിതത്തിന്റെ സമ്മർദ്ദങ്ങൾക്കൊപ്പം സംഘടനയുടെ ഉത്തരവാദിത്തവും തന്റെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്നും സംഘടന പുതിയ ഭാരവാഹിയെ നിയമിക്കുന്നതു വരെ ആ സ്ഥാനത്തു തുടരുമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഉണ്ണി മുകുന്ദന്റെ വാക്കുകൾ: ‘‘ഏറെ കാലത്തെ ആലോചനകൾക്കും വിചിന്തനങ്ങൾക്കും ശേഷം ‘അമ്മ’യുടെ ട്രഷറർ എന്ന നിലയിലുള്ള എന്റെ റോളിൽ നിന്ന് ഒഴിയുക എന്ന ബുദ്ധിമുട്ടുള്ള തീരുമാനം ഞാനെടുത്തു. ഈ സ്ഥാനത്ത് എന്റെ സമയം ഞാൻ ശരിക്കും ആസ്വദിച്ചു, അത് ആവേശകരവും അനുഭവങ്ങൾ നൽകിയതുമായ അവസരമായിരുന്നു. എന്നിരുന്നാലും, സമീപ മാസങ്ങളിൽ, എന്റെ ജോലിയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ, പ്രത്യേകിച്ച് മാർക്കോയുടെയും മറ്റു പ്രോജക്ടുകളുടെയും കാര്യങ്ങൾ, എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. ഈ ഉത്തരവാദിത്തങ്ങളും പ്രഫഷനൽ ജീവിതത്തിലെ സമ്മർദ്ദങ്ങളും സന്തുലിതമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവയിൽ നിന്നു മാറി, എന്റെയും കുടുംബത്തിന്റെയും ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം ഞാൻ തിരിച്ചറിയുന്നു.
സംഘടനാപ്രവർത്തനത്തിൽ ഞാൻ എല്ലായ്‌പ്പോഴും എന്റെ ഏറ്റവും മികച്ചത് നൽകിയിട്ടുണ്ടെങ്കിലും, വരാനിരിക്കുന്ന വർധിച്ചുവരുന്ന പ്രതിബദ്ധതകൾ കണക്കിലെടുത്ത് എനിക്ക് എന്റെ ചുമതലകൾ ഫലപ്രദമായി നിറവേറ്റാൻ കഴിയില്ലെന്ന് ഞാൻ തിരിച്ചറിയുന്നു. ഹൃദയഭാരത്തോടെയാണ് ഞാൻ രാജി സമർപ്പിക്കുന്നത്. എന്നിരുന്നാലും, ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ ഞാൻ സേവനത്തിൽ തുടരും, സുഗമമായ ഉത്തരവാദിത്ത കൈമാറ്റം ഉറപ്പാക്കും
ട്രഷറർ ആയിരുന്ന സമയത്ത് എനിക്ക് ലഭിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്, കൂടാതെ ഈ റോളിന്റെ ഉത്തരവാദിത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ എന്റെ പിൻഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു. നിങ്ങളുടെ മനസ്സിലാക്കലിനും തുടർച്ചയായ പിന്തുണയ്ക്കും എല്ലാവർക്കും നന്ദി.’’
‘അമ്മ’യുടെ ട്രഷറർ പദവിയിലേക്ക് എതിരില്ലാതെയാണ് ഉണ്ണി മുകുന്ദൻ തിരഞ്ഞെടുക്കപ്പെട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദത്തിൽ ‘അമ്മ’യുടെ ഭരണസമിതി മൊത്തത്തിൽ രാജിവച്ചൊഴിഞ്ഞിരുന്നു. എന്നാൽ, സംഘടനയുടെ പ്രവർത്തനങ്ങൾ തുടരുന്നതിന് പുതിയ ഭരണസമിതി അധികാരമേറ്റെടുക്കുന്നതു വരെ പഴയ നേതൃത്വം തുടരുമെന്നായിരുന്നു അന്ന് വ്യക്തമാക്കിയിരുന്നത്.
English Summary:
Unni Mukundan Step Back From AMMA Treasurer Post
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-unnimukundan mo-entertainment-common-amma mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 7i0r81bagudnl4580kq03ps2vk
Source link