മഹാകുംഭമേളയ്‌ക്ക് ഉജ്ജ്വല തുടക്കം ; ത്രിവേണിയിൽ സ്‌നാനം ചെയ്ത്  ഒന്നരക്കോടിപ്പേർ

എം.പി. പ്രദീപ്കുമാർ | Tuesday 14 January, 2025 | 4:17 AM

ന്യൂഡൽഹി: അന്തരീക്ഷമാകെ ഗംഗാ മയ്യാ നാമജപം,​ ഭസ്മ,​ കളഭ സുഗന്ധം. മരംകോച്ചും തണുപ്പ് വകവയ്ക്കാതെ പുണ്യ ത്രിവേണി സംഗമത്തിൽ മുങ്ങിനിവർന്ന് ഒന്നരക്കോടി ഭക്തർ. പാപശുദ്ധിക്കും, മോക്ഷപ്രാപ്‌തിക്കുമായുള്ള സ്നാനം. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാ കുംഭമേളയുടെ ആദ്യദിനമായിരുന്നു ഇന്നലെ. 45 ദിവസം നീണ്ടുനിൽക്കും.

ഗംഗ,യമുന,സരസ്വതി നദികളുടെ സംഗമസ്ഥലമാണ് ത്രിവേണി. പൗഷ് പൗർണമിയായിരുന്നു ഇന്നലെ. കുംഭമേളയുടെ ആദ്യ പ്രധാന സ്‌നാനദിനം. കോടിക്കണക്കിന് ഭക്തർ പ്രയാഗ്‌രാ‌ജിലേക്ക് ഒഴുകുകയാണ്. നൂറുകണക്കിന് വിദേശികളും എത്തുന്നു. എൻ.എസ്.ജി കമാൻഡോകൾ ഉൾപ്പെടെ വിപുലമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

മകരസംക്രാന്തി ദിനമായ ഇന്നാണ് മഹാകുംഭമേളയിലെ ആദ്യ ഷാഹി സ്‌നാനം. നാഗാ സന്യാസിമാർക്കാണ് ആദ്യം സ്‌നാനം ചെയ്യാൻ അവസരം. ആത്മാവിനെ വിശുദ്ധീകരിക്കുന്ന സ്‌നാനമെന്നാണ് വിശ്വാസം. പുലർച്ചെ 5.15ന് ആരംഭിക്കും.

സ്റ്റീവ് ജോബ്സിന്റെ ഭാര്യയും

മേളയിൽ പങ്കെടുത്ത് ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലൊറേൻ പോവെൽ എന്ന കമലയും. സ്വാമി കൈലാഷ് നന്ദ്ഗിരിയുടെ ശിഷ്യയാണ്. അദ്ദേഹമാണ് കമല എന്നു പേരിട്ടത്. പ്രയാഗ്‌രാജിലെ ആശ്രമത്തിൽ 40 അംഗ സംഘത്തോടൊപ്പമാണ് കമല എത്തിയത്. ബുധനാഴ്ച മടങ്ങും.

സഹായിക്കാൻ ചാറ്റ് ബോട്ട്

മഹാകുംഭമേളയെ കുറിച്ച് അറിയേണ്ടതെല്ലാം ഉത്തർപ്രദേശ് സർക്കാർ ആവിഷ്ക്കരിച്ച ചാറ്റ് ബോട്ടിലുണ്ട്. https://chatbot.kumbh.up.gov.in/language എന്ന സൈറ്റിൽ മലയാളത്തിലും വിവരങ്ങൾ ലഭിക്കും. എങ്ങനെ എത്തിച്ചേരണം, താമസം, യാത്ര, ചെലവ് എന്നിവയൊക്കെ അറിയാം. ഉത്ത‌ർപ്രദേശ് ടൂറിസം വികസന കോർപ്പറേഷന്റെ പാക്കേജുകളും ഇതിലുണ്ട്. ഒരു രാത്രിക്ക് ആഡംബര തോതനുസരിച്ച് 5000 മുതൽ 50,000 രൂപ വരെ ഈടാക്കും.

ഇന്ത്യയുടെ ആത്മീയ പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന മഹാകുംഭമേള വിശ്വാസത്തെയും ഐക്യത്തെയും ആഘോഷമാക്കുന്നു

– പ്രധാനമന്ത്രി നരേന്ദ്രമോദി


Source link
Exit mobile version