ഭീഷണിയായി ചക്രവാതച്ചുഴി; മറ്റെന്നാൾ വരെ ഇടിമിന്നലോടുകൂടിയ മഴ

തിരുവനന്തപുരം: കേരളത്തിൽ ജനുവരി 16വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാലാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. നാളെ മൂന്ന് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴ ലഭിക്കാൻ സാദ്ധ്യത. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. നാളെ തിരുവനന്തപുരം,​ കൊല്ലം, ​പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കേരള തീരത്തും തമിഴ്നാട് തീരത്തും നാളെവരെ 0.5 മുതൽ 1.0 മീറ്റർവരെ ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേകം ജാഗ്രത പാലിക്കണം. അതേസമയം, പകൽ താപനില സാധാരണയെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ജാഗ്രത നിർദേശങ്ങൾ

1. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.


Source link
Exit mobile version