150 കോടിയുടെ ആരോപണം: വി.ഡി.സതീശനോട് മാപ്പ് ചോദിച്ച് അൻവർ ചെയ്യിപ്പിച്ചത് പി.ശശിയെന്ന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ നിയമസഭയിൽ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പറഞ്ഞിട്ടാണെന്ന് പി.വി.അൻവർ. സതീശനുണ്ടായ മാനഹാനിയിൽ അദ്ദേഹത്തോടും സമൂഹത്തോടും മാപ്പ് ചോദിക്കുന്നതായും വലിയ പാപഭാരമാണ് താൻ ചുമക്കുന്നതെന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നിരന്തരമായി ആരോപണം ഉന്നയിക്കുന്നതിലെ മാനസിക വിഷമം അനുഭവിക്കുന്ന സമയത്താണ് സതീശനെതിരെ ആരോപണം ഉന്നയിക്കണമെന്ന് ശശി ആവശ്യപ്പെട്ടത്. അന്ന് സഭ നേരത്തെ പിരിഞ്ഞു. അതിനുശേഷം വന്ന സഭാ സമ്മേളനത്തിൽ ഈ വിഷയം ഡ്രാഫ്റ്റ് ചെയ്തുനൽകി. സ്പീക്കറുടെ അനുമതിയോടെയാണ് വിഷയം അവതരിപ്പിച്ചത്. ശശിയേട്ടാ ശരിയല്ലേ എന്നു ചോദിച്ചപ്പോൾ പൂർണമായും ശരിയെന്നാണ് പറഞ്ഞത്. തന്നെ ലോക്ക് ചെയ്യണമെന്ന് ശശി അന്നേ കരുതിയിരുന്നു.
പോരാട്ടം നടത്തിയത് ഉന്നത
നേതാക്കളുടെ അറിവോടെ
എ.ഡി.ജി.പി എം.ആർ.അജിത് കുമാർ, മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസ്, പി.ശശി എന്നിവർക്കെതിരേ താൻ നടത്തിയ പോരാട്ടം സി.പി.എമ്മിലെ ഉന്നത നേതാക്കളുടെ അറിവോടെയായിരുന്നു. അജിത്ത് കുമാറിനെയും ശശിയെയും ആ പദവികളിൽ നിലനിറുത്തി മുന്നോട്ടുപോയാൽ പാർട്ടി ഉണ്ടാവില്ലെന്നായിരുന്നു നേതാക്കൾ പറഞ്ഞിരുന്നത്. ശശിക്കെതിരേയുള്ള ആരോപണങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ നേതാക്കൾ പിൻവാങ്ങി. അതിനുശേഷം രണ്ട് ദിവസത്തേക്ക് ഇവരാരും തന്റെ ഫോണെടുത്തില്ല. ഇവർ ആരൊക്കെയാണെന്ന മാദ്ധ്യമ പ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടി പറയാൻ തയ്യാറായില്ല.
ശശിയുടെയും അജിത്ത് കുമാറിന്റെയും കോക്കസിനകത്ത് മുഖ്യമന്ത്രി കുടുങ്ങിക്കിടക്കുകയാണെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ, താനാണ് ഇതിന്റെയൊക്കെ പിന്നിലെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതോടെയാണ് മുഖ്യമന്ത്രിക്കെതിരെ പറയേണ്ടിവന്നത്. അജിത്ത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് വളച്ചൊടിച്ച റിപ്പോർട്ട് വിജിലൻസിന് മടക്കേണ്ടി വന്നതെന്നും അൻവർ പറഞ്ഞു.
പറഞ്ഞത്
പച്ചക്കള്ളം: പി.ശശി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ താൻ ആവശ്യപ്പെട്ടുവെന്ന് പി.വി.അൻവർ പറഞ്ഞത് പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. അത്തരമൊരു സംഭവമേഉണ്ടായിട്ടില്ല.അൻവറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.
പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കാനുള്ള ഗൂഢാലോചനയാണ് അൻവർ വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ചത്. നിലനിൽപിന് വേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിച്ചുകൊണ്ട് തന്റെ മുൻകാല ചെയ്തികളുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ച് രക്ഷപെടാനാണ് ശ്രമിക്കുന്നത്.
ഇതിനുമുമ്പും വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തനിക്കെതിരെ അൻവർ രംഗത്തെത്തിയിരുന്നു. വ്യാജ ആരോപണങ്ങൾക്കെതിരെ താൻ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. കേസിൽ അൻവറിനോട് നേരിട്ട് ഹാജരാവാൻ കോടതി നിർദ്ദേശിച്ചിരിക്കുകയാണ്.
സാമാന്യ ജനങ്ങളുടെ അഭയകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന ഹീനമായ നീക്കങ്ങൾ ജനം തിരിച്ചറിഞ്ഞ്തള്ളിക്കളയുമെന്ന് ശശി പറഞ്ഞു.
Source link