പത്തനംതിട്ട പീഡനം: 15പേർ കൂടി അറസ്റ്റിൽ

പത്തനംതിട്ട: കായികതാരമായ പട്ടികജാതി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഇന്നലെ 15 പേർ കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 43 ആയി. പത്തനംതിട്ട

പൊലീസ് സ്റ്റേഷനിൽ 25, ഇലവുതിട്ട 15, മലയാലപ്പുഴ ഒന്ന്, പന്തളം രണ്ട് എന്നിങ്ങനെയാണ് അറസ്റ്റ്.

കേസിൽ 58പേർ പ്രതികളാകും. 64 പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. എന്നാൽ, ഇതിൽ ആറുപേരെ പ്രതികളാക്കാനുള്ള സാഹചര്യമില്ലെന്ന് പൊലീസ് പറഞ്ഞു. പിടികിട്ടാനുള്ള പ്രതികളിൽ ചിലർ വിദേശത്താണെന്ന് സൂചനയുണ്ട്. അവധിക്ക് നാട്ടിലെത്തിയ ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചവരാണ് ഇവർ.

പെൺകുട്ടിയെ ബാലാവകാശ കമ്മിഷൻ അംഗം എൻ.സുനന്ദ സന്ദർശിച്ചു. ആശ്വാസനിധിയിൽ നിന്ന് ധനസഹായം അനുവദിക്കാൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതായി സുനന്ദ പറഞ്ഞു

സംഭവം കേട്ട് കൗൺസലർ ഞെട്ടി

പീഡന സംഭവം പുറത്തുവന്നത് കുടുംബശ്രീ ജില്ലാ മിഷൻ നടത്തിയ ബോധവത്കരണക്ളാസിനിടെ. കുട്ടി വിവരിച്ച സംഭവങ്ങൾകേട്ട് കൗൺസലർ ഞെട്ടി.

പെൺകുട്ടി പഠിക്കുന്ന കോളേജിൽ ഡിസംബറിലാണ് ജെൻഡർ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ കൗമാര ആരോഗ്യ വിദ്യാഭ്യാസം എന്ന വിഷയത്തിൽ ക്ലാസ് നടത്തിയത്. പീഡിപ്പിച്ച ശേഷം പ്രതികൾ തന്റെ വീഡിയോ പ്രചരിപ്പിച്ചതിലും ഇത് സഹപാഠികൾ കണ്ടതിലും കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു പെൺകുട്ടി.

കമ്മ്യൂണിറ്റി കൗൺസലറോട് ക്ളാസിന് ശേഷമാണ് കുട്ടി തന്നെ പീഡിപ്പിച്ചതിനെക്കുറിച്ച് പറയുന്നത്. അഞ്ചുവർഷത്തിനിടെ 64 പേർ പീഡിപ്പിച്ചെന്ന് കുട്ടി പറയുന്നത് സത്യമാണോ എന്ന് കൗൺസലർ ആദ്യം സംശയിച്ചു. തുടർന്ന് കുടുംബശ്രീ പന്തളം സ്‌നേഹിത ജെൻഡർ ഹെല്പ് ഡെസ്‌കിലേക്ക് വിവരം കൈമാറി. സ്നേഹിതയിലെ സൈക്കോളജിസ്റ്റ് കൗൺസലറോടും കുട്ടി വിവരങ്ങൾ ആവർത്തിച്ചതോടെ സി.ഡബ്ല്യു.സിക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. ജില്ലാ പൊലീസ് ചീഫിന് സി.ഡബ്ല്യു.സി റിപ്പോ‌ർട്ട് നൽകിയതോടെയാണ് കേസെടുത്തത്.


Source link
Exit mobile version