കശ്മീരിന്റെ സംസ്ഥാനപദവി: വാഗ്ദാനം പാലിക്കുമെന്ന് മോദി | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Jammu and Kashmir | Kashmir statehood | Zojila tunnel | Narendra Modi | Omar Abdullah – Prime Minister Modi’s Kashmir Visit: Tunnel inauguration, Statehood promise remains pending | India News, Malayalam News | Manorama Online | Manorama News
കശ്മീരിന്റെ സംസ്ഥാനപദവി: വാഗ്ദാനം പാലിക്കുമെന്ന് മോദി
മനോരമ ലേഖകൻ
Published: January 14 , 2025 02:23 AM IST
1 minute Read
പ്രധാനമന്ത്രി സെഡ്–മോർ തുരങ്കപാത ഉദ്ഘാടനം ചെയ്തു
കശ്മീരിലെ ഗണ്ടെർബാൽ ജില്ലയിലുള്ള സോനമാർഗിൽ നിർമിച്ച 6.5 കിലോമീറ്റർ സെഡ്–മോർ തുരങ്കപാത ഉദ്ഘാടനം ചെയ്തശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തുരങ്കത്തിനുള്ളിലൂടെ നടക്കുന്നു. ചിത്രം: പിടിഐ
ന്യൂഡൽഹി ∙ പുതിയ റെയിൽ, റോഡ് സംവിധാനങ്ങൾ ജമ്മു കശ്മീരും ഡൽഹിയും തമ്മിലുണ്ടായിരുന്ന അകലം കുറച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീർ ഗണ്ടെർബാൽ ജില്ലയിലെ സോനമാർഗിൽ നിർമിച്ച 6.5 കിലോമീറ്റർ സെഡ്–മോർ തുരങ്കപാത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതേസമയം, ജമ്മു കശ്മീരിനു സംസ്ഥാന പദവി നൽകുന്നതു സംബന്ധിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.
ജമ്മു കശ്മീരിനു സംസ്ഥാന പദവി വൈകുന്നതായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രിയെ ഓർമിപ്പിച്ചിരുന്നു. ഇതിനു മറുപടിയായി, ‘വാഗ്ദാനങ്ങളെല്ലാം മോദി പാലിക്കാറുണ്ട്. ഓരോന്നിനും അതിന്റെ സമയമുണ്ട്. ആ സമയത്ത്, അക്കാര്യങ്ങൾ നടക്കും. മേഖലയിൽ വരുന്ന തുരങ്കപാതകൾ കശ്മീരിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവു നൽകും’– അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തിനു ശേഷം, പ്രധാനമന്ത്രി തുരങ്കപാതയിലൂടെ യാത്ര ചെയ്തു. ഉദ്യോഗസ്ഥരുമായും നിർമാണത്തൊഴിലാളികളുമായും അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ ഒക്ടോബർ 20ന് ഇവിടെ ജോലി ചെയ്യുന്നതിനിടയിൽ ഭീകരാക്രമണത്തിൽ മരിച്ച 7 പേർക്ക് ആദരാഞ്ജലി അർപ്പിച്ചു. സോനമാർഗിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്നതും ഏതു കാലാവസ്ഥയിലും യാത്ര സാധ്യമാക്കുന്നതുമാണു 2,700 കോടി രൂപ ചെലവിട്ടു നിർമിച്ച സെഡ്–മോർ തുരങ്കം. സെൻട്രൽ കശ്മീരിൽ നിന്നു ലഡാക്കിലേക്കുള്ള റോഡ് യാത്ര സുഗമമാക്കും.
6800 കോടി രൂപ ചെലവിൽ നിർമിക്കുന്ന സോജില തുരങ്കം 2028 ൽ പൂർത്തിയാകുന്നതോടെ ശ്രീനഗർ– ലേ റോഡിലും ഏതു കാലാവസ്ഥയിലും യാത്ര സുഗമമാകും.
English Summary:
Prime Minister Modi’s Kashmir Visit: Tunnel inauguration, Statehood promise remains pending
mo-news-common-malayalamnews mo-news-common-newdelhinews 75se0gf79e3s259k2e9qi8c1h3 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-jammukashmir mo-politics-leaders-narendramodi
Source link