KERALAM

എം.എൽ.എ സ്ഥാനം രാജിവച്ചത് അയോഗ്യത ഒഴിവാക്കാൻ

തിരുവനന്തപുരം: നിലമ്പൂർ സ്വതന്ത്ര എം.എൽ.എ പി.വി.അൻവർ നിയമസഭാംഗത്വം രാജിവച്ചു. ഇന്നലെ രാവിലെ 9ന് സ്പീക്കർ എ.എൻ.ഷംസീറിനെ കണ്ട് രാജിക്കത്ത് കൈമാറി. തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് അയോഗ്യത ഒഴിവാക്കുന്നതിനായി രാജി സമർപ്പിച്ചത്. 11ന് തന്നെ ഇ-മെയിൽ മുഖേനെ രാജി സമർപ്പിച്ചിരുന്നെന്നും നടപടിക്രമങ്ങളുടെ ഭാഗമായാണ് നേരിട്ടെത്തി രാജിക്കത്ത് കൈമാറിയതെന്നും അൻവർ പറഞ്ഞു.

സ്വതന്ത്രനായി മത്സരിച്ചു ജയിച്ചതിനാൽ മറ്റൊരു പാർട്ടിയിൽ ചേർന്ന് എം.എൽ.എ സ്ഥാനത്ത് തുടരാനാവില്ല. കൂറുമാറ്റ നിരോധന നിയമ പ്രകാരം അടുത്ത അഞ്ച് വർഷത്തേക്ക് മത്സരിക്കുന്നതിന് അയോഗ്യത നേരിടേണ്ടിവരും.എം.എൽ.എയുടെ ബോർഡ് മറച്ചുവെച്ച കാറിലെത്തിയാണ് സ്പീക്കറെ സന്ദർശിച്ചത്.

30 വർഷത്തോളം കോൺഗ്രസിലെ ആര്യാടൻ മുഹമ്മദ് കൈവശം വച്ചിരുന്ന നിലമ്പൂരിൽ ഇടത് പിന്തുണയോടെ രണ്ട് തവണ അട്ടിമറി വിജയം നേടിയാണ് പി.വി.അൻവർ എം.എൽ.എയായത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, എ.ഡി.ജി.പി എം.ആർ.അജിത്ത് കുമാർ, മലപ്പുറം മുൻ എസ്.പി സുജിത്ത് ദാസ് എന്നിവർക്കെതിരേ ആരോപണമുന്നയിച്ചതിന് പിന്നാലെ സി.പി.എമ്മിന് അനഭിമതനായതോടെ 14 വർഷത്തെ ഇടത് ബന്ധം അൻവർ വിച്ഛേദിക്കുകയായിരുന്നു.


Source link

Related Articles

Back to top button