KERALAM

നടനാകാൻ ഇറങ്ങിത്തിരിച്ചു സിനിമയെ കൺട്രോളിലാക്കി

സിത്താര സിദ്ധകുമാർ | Tuesday 14 January, 2025 | 12:35 AM

ആലപ്പുഴ: യുവജനോത്സവത്തിലെ ബെസ്റ്റ് ആക്ടർ സർട്ടിഫിക്കറ്റുമായി പതിനേഴുകാരൻ മദ്രാസിലേക്ക് വണ്ടികയറിയത് സിനിമാ മോഹവുമായി. പക്ഷേ, നടനാകാൻ അവസരം ലഭിച്ചില്ല. നിരാശനായി മടക്കം. വർഷങ്ങൾക്കുശേഷം താരങ്ങൾക്ക് അവസരം ഉറപ്പിക്കുന്ന പ്രൊഡ‌ക്ഷൻ കൺട്രോളറായി മാറിയത് വിധിയുടെ തിരക്കഥ. പ്രേംനസീറിൽ തുടങ്ങി തലമുറകൾ പിന്നിട്ട് അമ്പത് വർഷത്തിലെത്തി നിൽക്കുകയാണ് ആലപ്പുഴ സിവിൽസ്റ്റേഷൻ വാർഡ് ഷഹനാസിൽ എ.കബീർ (70) എന്ന പ്രൊഡ‌ക്ഷൻ കൺട്രോളറുടെ സിനിമാജീവിതം.

മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ഫ്രഞ്ച് ഭാഷകളിലായി നൂറോളം ചിത്രങ്ങൾ. ആലപ്പി ഷെരീഫ് സംവിധാനം ചെയ്ത പ്രേംനസീർ ചിത്രമായ അസ്തമിക്കാത്ത സൂര്യനിൽ വാതിൽപ്പുറ ചിത്രീകരണ സഹായിയായി തുടക്കം. റാംജിറാവു സ്പീക്കിംഗ് മുതൽ സംവിധായകൻ ഫാസിലിനൊപ്പം മാനേജരായി. സൗത്ത് ഇന്ത്യൻ ഫിലിം പ്രൊഡക്ഷൻ കൂട്ടായ്മയിൽ എക്സിക്യുട്ടീവ് അംഗം കൂടിയാണ് കബീർ ഇപ്പോൾ.

1970ൽ പന്ത്രണ്ട് വയസുള്ളപ്പോൾ ആലപ്പുഴയിൽ കനാൽ തീരത്ത് കൂടി പോയ ജാഥ സിനിമാചിത്രീകരണമാണെന്ന് തിരിച്ചറിഞ്ഞ് അതിലേക്ക് ഓടിക്കയറി നിന്നു. ആരും എതിർത്തില്ല. വലിയസന്തോഷമായി. പിന്നീട് സിനിമ കാണലായി ഇഷ്ടവിനോദം. കൂട്ടുകാരൻ കലാമിന്റെ സഹോദരൻ ആലപ്പി ഷെരീഫ് മദ്രാസിലുണ്ടെന്ന ബലത്തിലാണ് പതിനേഴാംവയസിൽ അവിടേക്ക് വണ്ടികയറിയത്. വർഷങ്ങൾക്ക് ശേഷം യൂത്ത് കോൺഗ്രസ് ആലപ്പുഴ ബീച്ച് മണ്ഡലം പ്രസിഡന്റായിരിക്കേയാണ് ആലപ്പി ഷെരീഫിനൊപ്പം കബീർ ചേരുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ഇന്ന് സിനിമകൾക്ക് പുറമേ പരസ്യങ്ങൾ, ആൽബങ്ങൾ തുടങ്ങിയവയ്ക്കും ചുക്കാൻ പിടിക്കുന്നു.

രജനീകാന്തിന് ഇഷ്ട

ഭക്ഷണം ഒരുക്കി ഉമ്മ

പാചകവിദഗ്ദ്ധയായിരുന്നു കബീറിന്റെ ഉമ്മ ആസിയ. കബീർ കൺട്രോളറായ സിനിമകളുടെ ചർച്ചകൾ ആരംഭിക്കുമ്പോൾ മുതൽ ഉമ്മയുടെ മേൽനോട്ടത്തിൽ അടുക്കളയും സജീവമാകുമായിരുന്നു. രജനീകാന്ത്, കമൽഹാസൻ തുടങ്ങിയ താരങ്ങൾക്ക് ഇഷ്ടഭക്ഷണം ഒരുക്കുന്നത് ഒരുകാലത്ത് ഉമ്മയുടെ കുത്തകയായിരുന്നു. ഉമ്മ വിടപറഞ്ഞ് വർഷങ്ങൾ പിന്നിട്ടെങ്കിലും, കൈപ്പുണ്യത്തിന്റെ പാരമ്പര്യം കബീറിന്റെ ഭാര്യ റഷീദയിലൂടെ തുടരുകയാണ്. മക്കൾ: ഷഹന, ഷബിന, ഷെറിൻ. മരുമക്കൾ: റിയാദ്, ഷാദുലി, നെവിൻ.


Source link

Related Articles

Back to top button