ബംഗളൂരു: ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ വമ്പൻ പരാജയം ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉണ്ടാകാൻ ഇടയായി. ഫോമില്ലാതിരുന്നിട്ടും യുവതാരങ്ങൾക്ക് അവസരം നൽകാതെ ഇവർ ടീമിൽ തുടരുന്നതാണ് പ്രശ്‌നകാരണം. ഇതിനിടെ വിരാട് കൊഹ്‌ലിക്കെതിരെ കഴിഞ്ഞദിവസം മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ കടുത്ത ആരോപണം ഉന്നയിച്ചിരുന്നു. ക്യാൻസർ രോഗത്തോട് പടവെട്ടി ഇന്ത്യൻ ടീമിലേക്ക് മടങ്ങിവന്ന ലോകകപ്പ് ഹീറോ കൂടിയായ യുവ്‌രാജ് സിംഗിനെ ടീമിൽ നിന്ന് പുറത്താക്കാൻ കാരണം അന്ന് ക്യാപ്‌റ്റനായിരുന്ന കൊഹ്‌ലിയാണ് എന്നായിരുന്നു ഉത്തപ്പ പറഞ്ഞിരുന്നത്.
യുവരാജിന്റെ പ്രശ്‌നത്തിന് പുറമേ ഇപ്പോൾ മറ്റൊരു ഇന്ത്യൻതാരത്തിനെ ടീമിൽ നിന്ന് പുറത്താക്കിയതിനും പിന്നിൽ കൊഹ്‌ലിയുടെ അപ്രീതി ആണെന്ന് പറയുകയാണ് ഉത്തപ്പ. അമ്പാട്ടി റായുഡുവിനെ ടീമിൽ നിന്ന് പുറത്താക്കാനും കാരണം കൊഹ്‌ലിയാണ് എന്നാണ് ഉത്തപ്പ വ്യക്തമാക്കുന്നത്. നാലാം നമ്പരിൽ ബാറ്റ് ചെയ്യാറുണ്ടായിരുന്ന റായുഡു ലോകകപ്പിന് തയ്യാറായിരുന്ന സമയത്താണ് കൊഹ്‌ലി ഒഴിവാക്കിയത്. ഇതിനെതിരെ റായുഡു പ്രതികരിച്ചത് അന്ന് വലിയ വാർത്തയായിരുന്നു.എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലെ സെലക്ഷൻ കമ്മിറ്റി ഇതോടെ റായുഡുവിനെ പൂർണമായി ഒഴിവാക്കി.
‘വിരാട് കൊഹ്‌ലിയ്‌ക്ക് ആരെയെങ്കിലും ഇഷ്‌ടമായില്ലെങ്കിൽ, ഒരു കളിക്കാരൻ നല്ലവനാണെന്ന് തോന്നിയില്ലെങ്കിൽ അയാൾ വെട്ടിലായി. അമ്പാട്ടി റായുഡുവാണ് പ്രധാന ഉദാഹരണം. എല്ലാവർക്കും ഓരോ താൽപര്യമുണ്ട് എന്നത് ഞാനംഗീകരിക്കുന്നു. പക്ഷെ ഒരാളെ ടീമിന്റെ ലോകകപ്പ് ജഴ്‌സിയുമായി കൊണ്ടുപോയ ശേഷം വഴിയടക്കരുത്. ലോകകപ്പ് കളിക്കാൻ കിറ്റും ബാഗുമെല്ലാം അയാൾ വീട്ടിൽ തയ്യാറാക്കിയിരുന്നു. എന്നാൽ അയാൾക്കുമുന്നിൽ വഴിയടച്ചു കളഞ്ഞു. ഇത് എന്നെ സംബന്ധിച്ച് നല്ലകാര്യമല്ല.’ ഉത്തപ്പ പറഞ്ഞു.
റായുഡു ഈ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. 2019 ലോകകപ്പ് സമയത്ത് റായുഡു താൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. എന്നാൽ മൂന്ന് മാസത്തിന് ശേഷം ഈ തീരുമാനം അദ്ദേഹം പിൻവലിച്ചു. 2022 ഐപിഎൽ സമയത്തും അദ്ദേഹം ഐപിഎല്ലിൽ നിന്ന് വിരമിച്ചതായി അറിയിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. 2023 ഐപിഎൽ സീസണ് ശേഷം എന്നാൽ അദ്ദേഹം വിരമിച്ചു. 55 ഏകദിനങ്ങളിൽ നിന്ന് 47 ശരാശരിയിൽ 1694 റൺസ് നേടിയ താരമാണ് റായുഡു. ട്വന്റി 20യിൽ വേണ്ടത്ര തിളങ്ങിയിട്ടില്ലാത്ത താരം ഇന്ത്യക്കായി ടെസ്‌റ്റ് കളിച്ചിട്ടില്ല.
Source link