’20 കോച്ച് വന്ദേഭാരത്’ ഹിറ്റായതിന് പിന്നാലെ സന്തോഷവാർത്ത, കേരളത്തിലെ രണ്ടാം വന്ദേഭാരതിനും കോച്ചുകൾ ഇരട്ടിയാകും
തിരുവനന്തപുരം: കോട്ടയം വഴി ഓടുന്ന തിരുവനന്തപുരം-കാസർകോട് (20634/20633) വന്ദേഭാരതിൽ 16ൽ നിന്ന് 20 കോച്ചുകളിലേക്ക് എണ്ണം വർദ്ധിപ്പിച്ച് സർവീസ് നടത്തിയത് കഴിഞ്ഞ ദിവസമാണ്. ജനുവരി11ന് ആദ്യ സർവീസ് ദിനത്തിൽ 20 കോച്ച് വന്ദേഭാരത് വമ്പൻ ഹിറ്റായിരുന്നു. നൂറ് ശതമാനം ബുക്കിംഗാണ് ലഭിച്ചത്. ഇതിനുപിന്നാലെ ആലപ്പുഴ വഴി പോകുന്ന വന്ദേഭാരതിലും (20631-20632) കോച്ചുകളുടെ എണ്ണം കൂട്ടാൻ പോകുകയാണ്.
നിലവിൽ എട്ടെണ്ണം മാത്രമാണ് കോച്ചുകൾ. ഇവ 16ലേക്ക് വർദ്ധിക്കും. എണ്ണത്തിൽ ഇരട്ടിവർദ്ധനയാണ് തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിൽ ഉണ്ടാകാൻ പോകുന്നത്. കേരളത്തിലെ യാത്രക്കാരിൽ നിന്ന് വന്ദേഭാരതിന് ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ ജനപ്രീതിമൂലമാണ് കോച്ചുകളുടെ എണ്ണം കൂട്ടുന്നത്. എന്നുമുതലാണ് മാറ്റം എന്നത് പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ 512 സീറ്റുകൾ എന്നത് വർദ്ധിച്ച് 1024 സീറ്റുകളാകും.
38 വന്ദേഭാരതുകളാണ് എട്ട് കോച്ചുകളുമായി സർവീസ് നടത്തുന്നത്. ഇവയിൽ പകുതി സീറ്റെങ്കിലും ഒഴിവുണ്ട്. ആ സമയം ആലപ്പുഴ വന്ദേഭാരതിൽ സീറ്റിംഗ് ഫുള്ളാണ്. നിലവിൽ 17 വന്ദേഭാരതുകളാണ് എല്ലാ സീറ്റും നിറഞ്ഞോടുന്നത്. ഇവയിൽ തിരുവനന്തപുരം-കാസർകോട് വന്ദേഭാരതും തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതുമുണ്ട്. രാവിലെ 6.25ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് ആലപ്പുഴ വഴി വൈകിട്ട് 3.05നാണ് തിരുവനന്തപുരത്ത് എത്തുക. 4.05ന് തിരുവനന്തപുരത്ത് നിന്നും മടങ്ങി രാത്രി 12.40ന് മംഗളൂരുവിൽ എത്തും.
Source link