ഗോപൻ സ്വാമിയുടെ സമാധി തുറക്കാൻ ഉത്തരവ്; തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് മകൻ
തിരുവനന്തപുരം: അതിയന്നൂർ കാവുവിളാകം കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ ഗോപൻ സ്വാമിയുടെ (81) സമാധി തുറന്ന് പരിശോധിക്കാൻ ജില്ലാ കളക്‌ടറുടെ ഉത്തരവ്. സബ് കളക്‌ടർ ആൽഫ്രഡിന്റെ സാന്നിദ്ധ്യത്തിലാണ് പരിശോധന. ഗോപൻ സ്വാമിയുടെ കുടുംബവുമായി സബ് കളക്‌ടർ സംസാരിക്കുകയാണ്.
അതേസമയം, സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കുടുംബം. ഭർത്താവ് സമാധിയായതാണെന്നും തുറക്കാൻ അനുവദിക്കില്ലെന്നും ഗോപൻ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു.
ക്ഷേത്ര ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നിൽ. ബന്ധുക്കളാരും പരാതി നൽകിയിട്ടില്ല. ഭർത്താവ് കിടപ്പ് രോഗിയായിരുന്നില്ല. നടക്കുമായിരുന്നുവെന്നും സുലോചന പറഞ്ഞു. പിതാവിന്റെ സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് മകൻ രാജസേനനും മുന്നറിയിപ്പ് നൽകി.
സമാധി തുറന്ന് മൃതദേഹം പുറത്തെടുക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൊലീസ് പൂർത്തിയാക്കിയിട്ടുണ്ട്. മൃതദേഹം ഇന്നുതന്നെ പോസ്റ്റുമോർട്ടത്തിനായി കൈമാറും. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തും.
സമാധി സ്ഥലത്ത് പൊലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെയും വിന്യസിച്ചിരുന്നു. സമാധി സ്ഥലം പൊളിച്ച് മൃതദേഹം പോസ്റ്റുമോർട്ടം നടത്തണമെന്നും മരണകാരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും നാട്ടുകാരാണ് ആവശ്യപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. വീട്ടുകാരുടെ ഉൾപ്പെടെ മൊഴിയെടുക്കുകയും ചെയ്തു.
Source link