KERALAM

ചെറുതും വലുതുമായ മൂന്ന് കത്തികൾ ആശയ‌്ക്കായി കുമാർ കരുതി, ഏറ്റവും മൂർച്ചയേറിയത് കൊണ്ട് കാര്യം നടത്തി

തിരുവനന്തപുരം: സുഹൃത്തായ വീട്ടമ്മയെ കൊലപ്പെടുത്താനായി പേയാട് സ്വദേശി കുമാർ കരുതിയത് മൂന്ന് കത്തികൾ. ഇതിൽ ഏറ്റവും മൂർച്ചയേറിയത് ഉപയോഗിച്ചാണ് ആശയെ കുമാർ കഴുത്ത് കീറി കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു. പേയാട് കാവുവിള ലക്ഷം വീട്ടിൽ കുമാർ (52), വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ പേയാട് ചെറുപാറ എസ്.ആർ ഭവനിൽ ആശ (42) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ ഇന്നലെ രാവിലെയാണ് മൃതദേഹങ്ങൾ കണ്ടത്. വെള്ളിയാഴ്ച രാവിലെയാണ് കുമാർ മുറിയെടുത്തത്.ശനിയാഴ്ച രാവിലെയാണ് ആശ എത്തിയത്.ഞായറാഴ്ച രാവിലെ ജീവനക്കാർ മുറി വൃത്തിയാക്കുന്നതിനായി പലതവണ മുട്ടി വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ തമ്പാനൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. രാവിലെ ഏഴിന് പൊലീസ് എത്തി മൂന്നാം നിലയിലെ മുറിയുടെ കതക് ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്. ആശയുടെ മൃതദേഹം കഴുത്ത് മുറിഞ്ഞ നിലയിൽ നിലത്ത് രക്തത്തിൽ കുളിച്ച് കട്ടിലിന് സമീപത്തായിരുന്നു. കുമാർ തൂങ്ങിമരിച്ച നിലയിലായിരുന്നു.

പാങ്ങോട് സൈനിക ക്യാംപിൽ കരാർ തൊഴിലാളിയാണ് ആശ. ഭർത്താവും രണ്ട് മക്കളുമൊന്നിച്ചാണ് താമസിച്ചിരുന്നത്. രാവിലെ ജോലിക്കു പോയി, വൈകിട്ട് തിരിച്ചു വരുന്നതാണ് പതിവ്.ആശയെ കാണാത്തതിനാൽ കെട്ടിടനിർമാണ തൊഴിലാളിയായ ഭർത്താവ് ശനിയാഴ്ച രാത്രി വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. രണ്ട് വർഷം മുൻപാണ് അടുപ്പത്തിലായതെന്നുംഇവർ തമ്മിൽ ഇടയ്ക്കിടയ്ക്ക് ഫോൺ വിളക്കാറുണ്ടെന്നും പൊലീസ് കണ്ടെത്തി.

ആശയുമായി കുമാറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. യുവതിയിൽ നിന്ന് പലപ്പോഴായി ഇയാൾ പണം കടം വാങ്ങുകയും ചെയ‌്തിരുന്നത്രേ. ഇത് തിരികെ ചോദിച്ചതിലുള്ള വിരോധമാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്‌ച ഹോട്ടലിൽ മുറിയെടുത്ത കുമാർ കത്തികളുമായി ഇരയെ കാത്തിരിക്കുകയായിരുന്നു. ജീവനൊടുക്കാനുള്ള കയറും ഇയാൾ വാങ്ങി സൂക്ഷിച്ചിരുന്നു.

ശനിയാഴ്‌ച രാവിലെ ലോഡ്‌ജിലെത്തിയ ആശ ഭക്ഷണവും വസ്ത്രങ്ങളും ബാഗിൽ കരുതിയിരുന്നു. നിറയെ വസ്ത്രങ്ങളുമായെത്തിയ ഇവർ തിരിച്ചുപോകാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു.ആശയും കുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അറിവുണ്ടായിരുന്നില്ല.

ജോലിക്കുപോയ ആശ തിരിച്ചെത്താത്തതിനാൽ ഭർത്താവ് സുനിൽ അന്വേഷിച്ചിറങ്ങുകയായിരുന്നു. സഹപ്രവർത്തകരോട് അന്വേഷിച്ചപ്പോൾ ആശ അവധിയാണെന്ന് അറിഞ്ഞു. തുടർന്ന് സുനിൽ നൽകിയ പരാതിയിൽ രാത്രി 11ന് വിളപ്പിൽശാല പൊലീസ് കേസെടുത്തു. കുമാർ ഭാര്യയുമായി പിരിഞ്ഞു നാല് വർഷത്തിലേറെയായി ആലന്തറക്കോണത്ത് ഒറ്റയ്ക്കാണു താമസം. ഏക മകൻ ഭാര്യയുടെ അച്ഛന്റെയും അമ്മയുടെയും സംരക്ഷണത്തിലാണ്. ആശയുടെ ഭർത്താവ് സുനിൽകുമാർ കെട്ടിട നിർമാണ തൊഴിലാളിയാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്.

വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കൊലപാതകകാരണം വ്യക്തമാകൂവെന്ന് തമ്പാനൂർ സി.ഐ ശ്രീകുമാർ വി.എം പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകി. കുമാറിന്റെ മൃതദേഹം മണക്കാട് പുത്തൻകോട്ട ശ്മശാനത്തിലും ആശയുടേത് ശാന്തികവാടത്തിലും സംസ്‌കരിച്ചു.


Source link

Related Articles

Back to top button