ഭഗവാൻ യോഗനിദ്രയിൽ നിന്നുണരുന്ന മകരവിളക്ക്, ഐതിഹ്യം ഇങ്ങനെ
ഭഗവാൻ യോഗനിദ്രയിൽ നിന്നുണരുന്ന മകരവിളക്ക്, ഐതിഹ്യം ഇങ്ങനെ – Makaravilakku | ജ്യോതിഷം | Astrology | Manorama Online
ഭഗവാൻ യോഗനിദ്രയിൽ നിന്നുണരുന്ന മകരവിളക്ക്, ഐതിഹ്യം ഇങ്ങനെ
ബി. പത്മശ്രീ
Published: January 13 , 2025 03:17 PM IST
2 minute Read
മകരം ഒന്നു മുതൽ അഞ്ചുവരെ നടക്കുന്ന ഈ ഉത്സവം ഉത്തരായണ കാലത്തിന്റെ ആരംഭത്തിലാണ് നടക്കുന്നത്.
ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്നു വിശേഷിപ്പിക്കുന്ന സ്ഥലമാണ് മണിമണ്ഡപം. ഇവിടെ വെച്ചാണ് അയപ്പ സ്വാമി ശാസ്താ വിഗ്രഹത്തിലോട്ട് വിലയം പ്രാപിച്ചതെന്നു പറയുന്നു. മണിമണ്ഡപം മാളികപ്പുറത്തമ്മയുടെ ശ്രീ കോവിലിനു പുറകിലായാണ് സ്ഥിതി ചെയ്യുന്നത്. മകരവിളക്കിനോടനുബന്ധിച്ചു നടക്കുന്ന കളമെഴുത്തും പാട്ടും നടക്കുന്നത് മണിമണ്ഡപത്തിലാണ്. റാന്നി കുന്നക്കാട് കുറുപ്പൻമാരാണ് പരമ്പരാഗതമായി ശബരിമലയിൽ കളമെഴുതുന്നത്. മകരം ഒന്നു മുതൽ അഞ്ചു വരെ നടക്കുന്ന കളമെഴുത്തിൽ ബാലകൻ, വില്ലാളിവീരൻ, രാജകുമാരൻ, പുലിവാഹനൻ , തിരുവാഭരണവിഭൂഷിതനായ ശാസതാവ് എന്നീ രൂപങ്ങളാണ് കളമെഴുതുന്നത്.
മകര സംക്രമ ദിവസം പൊന്നമ്പലമേട്ടിൽ തെളിയുന്ന മകര ജ്യോതിയോടെയണ് മകരവിളക്ക് മഹോത്സവത്തിന്നു തുടക്കം കുറിക്കുന്നത്. മകരം ഒന്നു മുതൽ അഞ്ചുവരെ നടക്കുന്ന ഈ ഉത്സവം ഉത്തരായണ കാലത്തിന്റെ ആരംഭത്തിലാണ് നടക്കുന്നത്. ആദ്യ നാലു ദിവസങ്ങളിലും മണി മണ്ഡപത്തിൽ നടക്കുന്ന കളമെഴുത്തും അതിനോടനുബന്ധിച്ചു പതിനെട്ടാമ്പടി വരെ നടത്തുന്ന വിളക്കെഴുന്നെള്ളിപ്പുമാണ് മകരവിളക്ക് എന്നു പറയുന്നത്. അഞ്ചാം ദിവസം നടക്കുന്ന വിളക്കെഴുന്നെള്ളിപ്പ് ശരംകുത്തിയാൽ വരെ എഴുന്നെള്ളുന്നു. ഭഗവാനെ കൊമ്പൻ മീശയോടു കൂടിയ തിരുമുഖമുള്ള തിടമ്പിലോട്ട് ആവാഹിച്ചാണ് മകരം അഞ്ചിനു നടക്കുന്ന വിളക്കെഴുന്നെള്ളിപ്പിനു എഴുന്നെള്ളിക്കുന്നത് എന്നത് പ്രധാന പ്രത്യേകതയാണ്. പന്തളം കൊട്ടാരത്തിൽ നിന്നു കൊടുത്തയക്കുന്ന തിരുവാഭരണപ്പെട്ടികളിൽ പ്രധാനമാണ് വീരയോദ്ധാവിന്റെ തിരുമുഖമുള്ള തിടമ്പ് . സംക്രമ ദിവസത്തെ ദീപാരാധനക്കു മുമ്പായി തിരുവാഭരണപ്പെട്ടികൾ സന്നിധാനത്ത് എത്തിച്ചേരുകയും പ്രധാന ആഭരണപ്പെട്ടി ശ്രീ കോവിലിലേക്കും മറ്റു രണ്ടുപെട്ടികൾ മണിമണ്ഡപത്തിലുമാണ് വയ്ക്കുന്നത്. അഭിഷേകപ്പെട്ടിയെന്നും കൊടിപ്പെട്ടി യെന്നും അറിയപ്പെടുന്ന തിരുവാഭരണപ്പെട്ടികളിൽ പ്രധാനപ്പെട്ടതാണ് തലപ്പാറ മലയേയും ഉടുമ്പാറ മലയേയും പ്രതിനിധീകരിക്കുന്ന കൊടികളും കുടകളും. തലപ്പാറമലയുടെ വിജയക്കൊടിക്ക് ചുവപ്പ് മുത്തുക്കുടയും ഉടുമ്പാറ മലയുടെ വിജയ കൊടിക്ക് കറുത്ത മുത്തുക്കുടയുമാണ് വക്കുന്നത്. രണ്ടു കൊടികളുടേയും അകമ്പടിയോടെയാണ് അയ്യപ്പ സ്വാമി ശരംകുത്തിയിലേക്ക് എഴുന്നെള്ളുന്നത്.
മകരവിളക്ക് മഹോത്സവത്തിന്റെ അഞ്ചാം ദിവസമാണിത് നടക്കുന്നത്. മണിമണ്ഡപത്തിൽ നിന്നും ഭഗവാന്റെ എഴുന്നെള്ളിപ്പിനു മാളികപ്പുറത്തെ എഴുന്നെള്ളിപ്പ് എന്ന് പറയുന്നു. അതാണ് മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളിപ്പായി തെറ്റിദ്ധരിക്കപ്പെട്ടത്. ശരംകുത്തിയിൽ ചെന്നു നായാട്ടുവിളി നടത്തിയശേഷം അയപ്പ സ്വാമി മണിമണ്ഡപത്തിലേക്കു മടങ്ങുന്നു. തിരിച്ചുള്ള യാത്രയിൽ തീവെട്ടികൾ അണച്ച് വാദ്യമേളങ്ങൾ ഇല്ലാതെയാണ് പോകുന്നത്. അയ്യപ്പസ്വാമിയുടെ ശരംകുത്തിയിൽ നിന്നുള്ള എഴുന്നെള്ളപ്പിൽ ഭൂതഗണങ്ങളും മലദൈവങ്ങളും അനുഗമിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് മേളങ്ങളും വിളക്കുകളും ഇല്ലാത്തത്. ശബരിമലയിലെ മകരവിളക്കുത്സവത്തിന്റെ സമാപനം കുറിച്ചു തന്റെ ഭക്തരെ യാത്രയാക്കുക എന്ന സങ്കൽപമാണ് ശരംകുത്തിയിലോട്ടുള്ള എഴുന്നെള്ളിപ്പിന്റെ പിന്നിലുള്ളത്. അയ്യപ്പൻ തന്റെ ശരങ്ങളും ആയുധങ്ങളും ശരംകുത്തിയിൽ ഉപേക്ഷിച്ചിട്ടാണ് ശബരിമലയിൽ യോഗനിദ്രയിലേക്കു പ്രവേശിച്ചത് എന്നു ഐതിഹ്യങ്ങൾ പറയുന്നു.
ശബരിമലയിൽ നടക്കുന്ന അത്യപൂർവമായ ഒരു ചടങ്ങാണ് നായാട്ടു വിളി. പദ്യരൂപത്തിലുള്ള അയ്യപ്പ ചരിതമാണ് നായാട്ടുവിളി എന്നറിയപ്പെടുന്നത്. ശബരിമലയിലും പെരുനാട് കക്കാട് കോയിക്കൽ ക്ഷേത്രത്തിലും നായാട്ടു വിളി നടക്കുന്നു. ശബരിമലയിൽ ചാർത്തുന്ന തിരുവാഭരണം പുറത്തൊരു ക്ഷേത്രത്തിൽ ചാർത്തുന്നത് പെരുനാട്ടിലെ ശാസ്താ ക്ഷേത്രത്തിലാണ്. തിരുവാഭരണം കൊണ്ടുള്ള മടക്കയാത്രയിൽ മകരം ഏഴിനാണ് പെരുനാട്ടിൽ തിരുവാഭരണ ദർശനം നടക്കുന്നത്. ഇവിടെ നിന്നുകൊണ്ടാണ് പന്തളം രാജാവ് ശബരിമലയിൽ ക്ഷേത്രം പണിതത് എന്നു ഐതീഹ്യങ്ങൾ പറയുന്നു. പണ്ട് മകരവിളക്ക് ഉത്സവം ആദ്യത്തെ അഞ്ചു ദിവസം ശബരിമലയിലും പിന്നീടുള്ള അഞ്ചു ദിവസത്തെ ഉത്സവം പെരുനാട്ടിലുമായിരുന്നു നടത്തിയിരുന്നതെന്നു പറയപ്പെടുന്നു.
മനുഷ്യമനസിന്റെ എല്ലാ മാലിന്യങ്ങളേയും ഉപേക്ഷിച്ച് നിസ്വാർത്ഥമായ മനസ്സോടെ ആത്മശുദ്ധി വരുത്തിയാവണം ശബരിമലക്കു പോവേണ്ടത്. അതിനു നിഷ്ഠയോടെയുള്ളനാൽപ്പത്തൊന്നു ദിവസത്തെ വ്രതശുദ്ധിയുണ്ടാവണം. കഠിനമായ വ്രതവും അനുഷ്ഠിച്ചു കഠിനമായ യാത്രയും ചെയ്ത് ഭഗവാന്റെ മുന്നിലെത്തുമ്പോഴാണ് ഞാനും നീയും ഒന്നാണന്ന ഒരു ദർശനത്തിലേക്ക് എത്തിച്ചേരുന്നത്. വ്രതമെടുത്തു ശബരിമലക്കു പോകാൻ മാലയിടുന്ന വ്യക്തിയെ സ്വാമി എന്നാണ് വിളിക്കുന്നത്. ശ്രീകോവിലിനുള്ളിലെ ദേവനും അയ്യപ്പ സ്വാമി പുറത്ത് നിന്നു അതീവ ഭക്തിയോടെ തൊഴുകയ്യുമായി സ്വാമിയെ ദർശിക്കുന്ന ഭക്തനും അയ്യപ്പസ്വാമി. ഇത്രയും മഹത്തായ ഒരു ദർശനം ശബരിമലയിൽ മാത്രമാണുള്ളത്. ഇത് തന്നെയാണ് ശബരിമലയെ മറ്റു ശാസ്താ ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്. വില്ലാളിവീരനായ ഭഗവാൻ തന്റെ അവതാരോദ്ദേശം പൂർത്തിയാക്കി മഹായോഗിയായി തപസ്സനുഷ്ഠിക്കുന്ന പുണ്യഭൂമിയാണ് ശബരിമല. മഹാതാപസിയായ അയ്യപ്പ സ്വാമി യോഗനിദ്രയിൽ നിന്നുണരുന്ന ദിവസങ്ങളാണ് മകരവിളക്ക് മഹോത്സവമായി ആചരിക്കുന്നത്.
English Summary:
Manimandapam, the original site of the Sabarimala temple, holds immense spiritual significance. Its role in the Makaravilakku festival, including the Kalamyezhuthu and processions, is integral to the pilgrimage’s essence.
mo-religion-sabarimalatemple 30fc1d2hfjh5vdns5f4k730mkn-list mo-religion-sabarimala 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-rituals 7cjihmrr1oi76rl7q5umn4bau8
Source link