KERALAM

ലീഗ് സെമിനാറിൽ പങ്കെടുക്കാൻ ജി സുധാകരൻ, ക്ഷണം സിപിഎം പ്രതിനിധിയായിട്ടെന്ന് വിശദീകരണം

കോഴിക്കോട്: പാർട്ടിയുമായി കടുത്ത അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെ മുസ്ളീം ലീഗിന്റെ സെമിനാറിൽ പങ്കെടുക്കാൻ മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി.സുധാകരൻ. മുസ്ളീം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഇന്നുവൈകിട്ട് സംഘടിപ്പിക്കുന്ന ‘ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും’ എന്ന സെമിനാറിലാണ് ജി സുധാകരൻ പങ്കെടുക്കുന്നത്.

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടകൻ. സിപിഎം പ്രതിനിധിയായിട്ടാണ് സുധാകരനെ സെമിനാറിലേയ്ക്ക് ക്ഷണിച്ചതെന്നാണ് ലീഗിന്റെ വിശദീകരണം.

സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ തനിക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾക്ക് അടുത്തിടെ സുധാകരൻ മറുപടി നൽകിയിരുന്നു. എഴുന്നേറ്റ് നടക്കാനാവുന്ന കാലം വരെ കമ്മ്യൂണിസ്റ്റുകാരന് വിശ്രമമില്ല. പാർട്ടിക്കുവേണ്ടി ഇത്ര നാളും പ്രവർത്തിച്ച ശേഷം വീട്ടിൽ കുത്തിയിരുന്ന് വിശ്രമിച്ചാൽ മാനസിക രോഗിയായി മാറും. മിണ്ടാതിരിക്കണമെന്ന് പറയാൻ ഇത് തമ്പുരാക്കന്മാരുടെ കാലമല്ലെന്നുമാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

62 വർഷമായി പാർട്ടിയുടെ ആശയം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്ഥാനങ്ങളില്ലാതെ 42 വർഷം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. തന്റെ ശബ്ദം ഉയരാതിരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. തന്റെ ശബ്ദം കൊണ്ട് സാധാരണക്കാരന് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്ന രോഗികൾ ആലപ്പുഴയിലാണ് ഉണ്ടായിരുന്നത്. ഈ വൈറസ് ആരാണ് പത്തനംതിട്ടയിലേക്ക് പകർത്തിയതെന്ന് അറിയില്ല. പത്തനംതിട്ടയിൽ എറിഞ്ഞ കല്ല് അവിടെ കിടക്കുകയാണ്. ഇവിടെ വീണിട്ടില്ലെന്നും ജി.സുധാകരൻ കൂട്ടിച്ചേർത്തിരുന്നു.


Source link

Related Articles

Back to top button