KERALAM

നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയുടെ കല്ലറ തൽക്കാലം തുറക്കില്ല, കുടുംബാംഗങ്ങളുടെ ഭാഗം കേൾക്കുമെന്ന് സബ് കളക്‌ടർ

തിരുവനന്തപുരം: അതിയന്നൂർ കാവുവിളാകം കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ ഗോപൻ സ്വാമികളുടെ(81) കല്ലറ തൽക്കാലം തുറക്കില്ല. വിവരം സബ്‌ കളക്‌ടറാണ് അറിയിച്ചത്. ഗോപൻ സ്വാമികളുടെ കുടുംബത്തിന്റെ ഭാഗം കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗോപൻ സ്വാമികളുടെ സമാധിസ്ഥലം എന്ന പേരിൽ നിർമ്മിച്ച കോൺക്രീറ്റ് അറ തുറക്കാനും പരിശോധിക്കാനും കളക്‌ടർ അനുകുമാരി ഇന്ന് രാവിലെയാണ് ഉത്തരവിട്ടത്. അറ തുറക്കാനുള്ള പൊലീസ് നീക്കത്തിന് എതിരെ സ്വാമികളുടെ കുടുംബം ശക്തമായ പ്രതിഷേധമാണ് നടത്തിയത്. നാട്ടുകാരിൽ ചിലരും ഇവർക്കൊപ്പം കൂടിയത് വലിയ പ്രശ്‌നമായി.

ആത്മഹത്യാ ഭീഷണിയടക്കം നടത്തിയ കുടുംബാംഗങ്ങളെ സ്ഥലത്തുനിന്നും നീക്കിയിരുന്നു. വലിയ പൊലീസ് സന്നാഹത്തോടെയാണ് രാവിലെ കളക്‌ടറുടെ ഉത്തരവ് പ്രകാരം കല്ലറ പൊളിക്കാൻ തുടങ്ങിയത്. പൊലീസിനെ കൂടാതെ ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തിയിരുന്നു. പതിനൊന്ന് മണിയോടെ ആർഡിഒയും ഡിവൈ എസ്‌പിയും എത്തി. ഇവരുടെ പരിശോധന നടക്കുമ്പോൾ ഹിന്ദു ഐക്യവേദി, വിഎസ്‌‌ഡി‌പി, എന്നീ സംഘടനാ നേതാക്കൾ സ്ഥലത്തെത്തി. സമാധി പൊളിക്കരുതെന്നും മതവികാരത്തെ അത് വ്രണപ്പെടുത്തുമെന്നും ഇവർ പറഞ്ഞു. എന്നാൽ നേതാക്കൾ പ്രദേശവാസികളല്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായി. ഇതോടെയാണ് കുടുംബത്തിന്റെ ഭാഗംകൂടി കേൾക്കാൻ തീരുമാനമായത്.

സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് കുടുംബം അറിയിച്ചത്. ഭർത്താവ് സമാധിയായതാണെന്നും തുറക്കാൻ അനുവദിക്കില്ലെന്നും ഗോപൻ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. ക്ഷേത്ര ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നിൽ. ബന്ധുക്കളാരും പരാതി നൽകിയിട്ടില്ല. ഭർത്താവ് കിടപ്പ് രോഗിയായിരുന്നില്ല. നടക്കുമായിരുന്നുവെന്നും സുലോചന പറഞ്ഞു. പിതാവിന്റെ സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് മകൻ രാജസേനനും ഭീഷണിമുഴക്കി.

ഗോപൻ സ്വാമികളുടെ സമാധി സ്ഥലം പൊളിച്ച് മൃതദേഹം പോസ്റ്റുമോർട്ടം നടത്തണമെന്നും മരണകാരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും നാട്ടുകാരാണ് ആവശ്യപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.


Source link

Related Articles

Back to top button