KERALAM

സുധാകരൻ- സതീശൻ പോര് മുറുകുന്നു, ഐക്യ ശ്രമങ്ങൾക്ക് തിരിച്ചടി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടിയിൽ ഐക്യം ഊട്ടിയുറപ്പിക്കാനുള്ള ഹൈക്കമാൻഡ് ശ്രമങ്ങൾക്കിടെ, സംസ്ഥാന കോൺഗ്രസിൽ നേതാക്കളുടെ തമ്മിലടി മുറുകി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിലുള്ള കൊമ്പുകോർക്കൽ പാർട്ടി പരിപാടികളെയും ഐക്യ ശ്രമങ്ങളെയും ബാധിച്ചു തുടങ്ങി. മുഖ്യമന്ത്രി പദത്തെച്ചൊല്ലി ചില നേതാക്കൾ അനവസരത്തിൽ നടത്തിയ പരസ്യ പ്രതികരണം വിവാദമായതിന് പിന്നാലെയാണ് പോര് മൂർച്ഛിച്ചത്.

ഇന്നലെ നടക്കേണ്ടിയിരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം അവസാന നിമിഷം മാറ്റി. തദ്ദേശ തിരഞ്ഞെടുപ്പും സംഘടനാ വിഷയങ്ങളും ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. ഇതിൽ പങ്കെടുക്കാൻ ശനിയാഴ്ച ഉച്ചയ്ക്ക് തലസ്ഥാനത്തെത്തിയ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും മണ്ഡലത്തിലെ പരിപാടികളിൽ മാറ്റം വരുത്തിയെത്തിയ എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കടുത്ത അമർഷത്തിൽ ഡൽഹിക്ക് മടങ്ങി.

മഹാത്മാഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും എ.ഐ.സി.സി പ്രഖ്യാപിച്ച ജയ് ബാപ്പു ജയ് ഭീം ജയ് സംവിധാൻ ക്യാമ്പയിന്റെയും സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി ആസ്ഥാനത്ത് വെള്ളിയാഴ്ച രാവിലെ നടന്നപ്പോൾ, തലസ്ഥാനത്തുണ്ടായിരുന്നിട്ടും വി.ഡി.സതീശൻ പങ്കെടുത്തില്ല. ഉച്ചയ്ക്കുശേഷം കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി അദ്ധ്യക്ഷന്മാരുടെയും യോഗത്തിലും എത്താതെ മറ്റു ചില പരിപാടികളിൽ പങ്കെടുക്കാനുണ്ടെന്ന കാരണത്താൽ മടങ്ങി. ഇതിൽ കെ.സുധാകരൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ശനിയാഴ്ച യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുടെ ഓൺലൈൻ യോഗത്തിൽ ചില അസൗകര്യങ്ങളുടെ പേരിൽ സുധാകരനും വിട്ടു നിന്നു. പിന്നാലെ, തനിക്ക് മലപ്പുറത്ത് ചില പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ടെന്നും രാഷ്ട്രീയകാര്യ സമിതിയിൽ എത്താനാവില്ലെന്ന് സതീശനും അറിയിച്ചു. എ.ഐ.സി.സി നേതൃത്വം അതീവ ഗൗരവത്തിലാണ് നേതാക്കളുടെ ചേരിപ്പോര് നിരീക്ഷിക്കുന്നത്.

വിവാദമായി മുഖ്യമന്ത്രി സ്ഥാനചർച്ച

രമേശ് ചെന്നിത്തലയെ ചുറ്റിപ്പറ്റി ഉയർന്ന മുഖ്യമന്ത്രിപദ ചർച്ചകളും വിവാദത്തിന് വഴിയിട്ടു. എസ്.എൻ.ഡി.പി യോഗത്തിന്റെയും എൻ.എസ്.എസിന്റെയും പരിപാടികളിൽ ചെന്നിത്തല പങ്കെടുത്തതോടെയാണിത്

ഏതെങ്കിലും സമുദായ സംഘടന പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ലെന്ന് കെ.മുരളീധരൻ പ്രതികരിച്ചിരുന്നു. സമുദായ സംഘടനകളല്ല കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതെന്ന് എം.എം.ഹസനും പറഞ്ഞിരുന്നു

അനാവശ്യ ചർച്ചകളല്ല, തദ്ദേശ തിരഞ്ഞെടുപ്പിന് സജ്ജമാവുകയാണ് വേണ്ടതെന്ന എ.കെ.ആന്റണിയുടെ പ്രതികരണം ഈ ചർച്ചയ്ക്കുള്ള താക്കീതായിരുന്നു


Source link

Related Articles

Back to top button