KERALAM

പാമ്പ് കടി മരണം: എല്ലാ സർക്കാർ ആശുപത്രികളിലും ആന്റിവെനം എത്തിക്കും

കെ.എൻ.സുരേഷ് കുമാർ | Monday 13 January, 2025 | 12:49 AM

കോഴിക്കോട്: സംസ്ഥാനത്ത് പാമ്പുകടി മരണം കൂടുന്നത് തടയാൻ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ എല്ലാ സർക്കാർ ആശുപത്രികളിലും ആന്റിവെനം (പ്രതിവിഷം) ലഭ്യമാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പാമ്പുക‌‌ടിയെ തുടർന്ന് മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനെപ്പറ്റി കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

പാമ്പുകടിയേറ്റാൽ ആന്റിവെനം നൽകുന്നതിലുള്ള കാലതാമസവും വീഴ്ചയുമാണ് മരണം കൂടാനുള്ള പ്രധാന കാരണം. നിലവിൽ നീലഗിരിയിൽ നിന്നാണ് ആന്റിവെനം എത്തിക്കുന്നത്. നാട്ടിലെത്തുന്ന 15,000 ഓളം പാമ്പുകളെ വർഷംതോറും വനംവകുപ്പ് പിടികൂടി കാട്ടിൽ വിടാറുണ്ട്. ഇങ്ങനെ വിടുന്നവയുടെ വിഷം ശേഖരിച്ച് ആന്റിവെനം നിർമ്മിക്കുന്നതിന്റെ സാദ്ധ്യത ആരായും.

ശീതമേഖലയിലെയും ഉഷ്ണമേഖലയിലെയും പാമ്പുകളുടെ വിഷത്തിന്റെ വീര്യത്തിലും വ്യത്യാസമുണ്ട്. നീലഗിരി പോലെ തണുപ്പുള്ള സ്ഥലങ്ങളിലെ പാമ്പുകളെക്കാൾ കേരളത്തിലെ പാമ്പുകൾക്ക് വിഷവീര്യം കൂടാനിടയുണ്ട്. ആ നിലയ്ക്ക് അവിടത്തെ ആന്റിവെനം എത്രകണ്ട് ഫലപ്രദമാകുന്നുണ്ടെന്നും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തിനിട‌െ വന്യജീവി സംഘർഷത്തിൽ 904 മരണമുണ്ടായതിൽ 574 എണ്ണവും പാമ്പുകടിയേറ്റാണ്. പാമ്പുകടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പരിശീലനവും നൽകും.


Source link

Related Articles

Back to top button