ലോസ് ആഞ്ജലിസ് കാട്ടുതീയിൽ മരണം 24 ആയി; മരിച്ചവരിൽ ഓസ്‌ട്രേലിയൻ താരം റോറി സൈക്‌സും


വാഷിങ്ടണ്‍: ഹോളിവുഡ് സിനിമാവ്യവസായത്തിന്‍റെ തലസ്ഥാനമായ ലോസ് ആഞ്ജലിസില്‍ കഴിഞ്ഞ ആറുദിവസമായി തുടരുന്ന കാട്ടുതീയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 24 ആയി. പാലിസേഡ് മേഖലയില്‍ എട്ടുപേരും ഈറ്റണ്‍ മേഖലയിലെ കാട്ടുതീയില്‍ പതിനാറുപേരുമാണ് മരിച്ചത്. ഓസ്‌ട്രേലിയന്‍ താരം റോറി സൈക്‌സും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. 1990-കളില്‍ ബ്രിട്ടീഷ് ടി.വി. ഷോ ആയ കിഡ്ഡി കേപേഴ്‌സിലെ താരമായിരുന്നു റോറി. ആയിരക്കണക്കിന് വീടുകള്‍ ഉള്‍പ്പെടെ 12,000 കെട്ടിടങ്ങള്‍ തീയില്‍ നശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷത്തോളം പേരെ സ്ഥലത്തുനിന്ന് ഒഴിപ്പിക്കേണ്ടിവന്നു. പാലിസേഡില്‍ 23,600 ഏക്കറില്‍ തീ പടര്‍ന്നുപിടിച്ചപ്പോള്‍ ഈറ്റണ്‍ മേഖലയില്‍ 14,000 ഏക്കറാണ് തീവിഴുങ്ങിയത്. 13,500-15,000 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തപ്പെടുന്നത്. ആന്തണി ഹോപ്കിന്‍സ്, പാരിസ് ഹില്‍ട്ടണ്‍,മെല്‍ ഗിബ്‌സണ്‍, ബില്ലി ക്രിസ്റ്റല്‍ തുടങ്ങി പലസൂപ്പര്‍ താരങ്ങളുടെയും വീടുകള്‍ അഗ്നിക്കിരയായി.


Source link

Exit mobile version