ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേള
ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേള- Maha Kumbh Mela 2025: A Once-in-a-Century Spectacle Begins
ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേള
മനോരമ ലേഖകൻ
Published: January 13 , 2025 11:10 AM IST
1 minute Read
മഹാകുംഭമേളയ്ക്കായി പ്രയാഗ്‌രാജിലെത്തിയ സന്യാസിമാരെ ഘോഷയാത്രയായി ത്രിവേണീസംഗമത്തിലേക്ക് കൊണ്ടുപോകുന്നു. ചിത്രം: പിടിഐ
ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയ്ക്ക് പ്രയാഗ്‌രാജിൽ ഇന്നു തുടക്കം. അപൂർവനിമിഷത്തിനു സാക്ഷികളാകാനും ത്രിവേണീസംഗമപുണ്യം നുകരാനും വിദേശികൾ ഉൾപ്പെടെയുള്ള തീർഥാടകർ ഒഴുകിയെത്തുന്നു. 45 നാൾ നീളുന്ന മേളയിൽ 35 കോടിയിലേറെ പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നതെന്ന് യുപി ചീഫ് സെക്രട്ടറി മനോജ്കുമാർ സിങ് പറഞ്ഞു. മേളയ്ക്കു മുന്നോടിയായി ഇന്നലെ നടന്ന സ്നാനത്തിൽ 25 ലക്ഷത്തിലേറെപ്പേർ പങ്കെടുത്തു.
144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയുടെ സജ്ജീകരണങ്ങൾക്കായി അധികൃതർ 7,000 കോടി രൂപയാണു ചെലവഴിക്കുന്നത്. 2019ൽ 24 കോടി പേർ പങ്കെടുത്ത കുംഭമേളയ്ക്കുവേണ്ടി 3,500 കോടി രൂപയാണു ചെലവഴിച്ചത്. അന്ന് 3200 ഹെക്ടർ സ്ഥലമാണ് താൽക്കാലിക നഗരവിന്യാസത്തിനായി നീക്കിവച്ചെതങ്കിൽ ഇത്തവണ ഇത് 4000 ഹെക്ടറാണ്.
കഴിഞ്ഞ കുംഭമേള ശുചിത്വത്തിന്റെ കാര്യത്തിൽ പ്രകീർത്തിക്കപ്പെട്ടിരുന്നെന്നും ഇത്തവണ ശുചിത്വത്തിനു പുറമേ സുരക്ഷയ്ക്കും മുൻഗണന നൽകുന്നതായും അധികൃതർ പറഞ്ഞു. ഘട്ടുകളുടെ നീളം 8 കിലോമീറ്ററിൽ നിന്ന് 12 കിലോമീറ്ററാക്കി. പാർക്കിങ് ഏരിയയും വർധിപ്പിച്ചു. മൂവായിരം ക്യാമറകളുടെ സഹായത്താലാണ് ഇത്തവണ തിരക്ക് നിയന്ത്രിക്കുന്നത്. ഈമാസം 25 മുതൽ 30 വരെയുള്ള മൗനി അമാവാസി കാലത്ത് 5 കോടി ഭക്തരെയാണു പ്രതീക്ഷിക്കുന്നത്. സ്നാനത്തിനു വിശേഷപ്പെട്ട 6 ദിവസങ്ങളിലും തീർഥാടകപ്രവാഹമുണ്ടാകുമെന്നതിനാൽ അന്ന് വിഐപികൾക്ക് പ്രവേശനം അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
പൂർണ കുംഭമേള, അർധ കുംഭമേള, മാഘ കുംഭമേള,മഹാകുംഭമേള എന്നിങ്ങനെ കുംഭമേളകൾ പലതുണ്ട്. മൂന്നുവർഷം കൂടുമ്പോൾ ഹരിദ്വാർ, പ്രയാഗ്‌രാജ്, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളിലെ നദീതീരങ്ങളിലാണ് കുംഭമേളകൾ നടത്താറുള്ളത്. അർധകുംഭമേള 6 വർഷത്തിനിടെ ഹരിദ്വാറിലും പ്രയാഗ്‌രാജിലും നടക്കും. മഹാകുംഭമേള പ്രയാഗ്‌രാജിൽ മാത്രമാണ് നടക്കുന്നത്. 12 വർഷങ്ങളിലെ ഇടവേളകളിൽ നടത്തപ്പെടുന്ന 12 പൂർണകുംഭമേളകൾക്കു ശേഷമാണ് മഹാകുംഭമേള നടക്കുന്നത്.
English Summary:
Maha Kumbh Mela, a massive religious gathering in Prayagraj, India, has commenced. Over 350 million devotees are expected to participate in the 45-day event at the sacred Triveni Sangam.
30fc1d2hfjh5vdns5f4k730mkn-list mo-news-common-kumbh-mela mo-astrology-auspiciousdays 2s7gcilsjnj2gq66849cvk8evo 7os2b6vp2m6ij0ejr42qn6n2kh-list
Source link