അൻവറിന് തൃണമൂൽ രാജ്യസഭാ സീറ്റ് വാഗ്ദാനമെന്ന്

മലപ്പുറം: തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്ററായി ചുമതലയേറ്റ നിലമ്പൂരിലെ സ്വതന്ത്ര എം.എൽ.എ പി.വി. അൻവറിന് രാജി വച്ച ശേഷം ഉപ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാമെന്ന ഉറപ്പ് മമത നൽകിയിട്ടുണ്ടെന്ന് അൻവറിനോട് അടുപ്പമുള്ളവർ സൂചിപ്പിക്കുന്നു.. കേരളത്തിൽ പാർട്ടിയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, .അൻവർ ഉൾപ്പെടെ അഞ്ചംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. മൂന്ന് തൃണമൂൽ നേതാക്കൾ ഈ മാസം കേരളത്തിലെത്തും. മാർച്ച് അവസാനത്തോടെ മമത ബാനർജിയും കേരളം സന്ദർശിച്ചേക്കും.

യു.ഡി.എഫിലേക്ക് ചേക്കേറാനുള്ള അൻവറിന്റെ ശ്രമങ്ങൾക്ക് കോൺഗ്രസ് പച്ചക്കൊടി വീശിയിട്ടില്ല. തൃണമൂലുമായി കേരളത്തിൽ സഹകരിക്കാൻ കഴിയില്ലെന്ന് കെ.മുരളീധരൻ ഉൾപ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. തൃണമൂലിൽ ചേർന്ന ശേഷം മുസ്‌ലിം ലീഗും അൻവറിനോടുള്ള സോഫ്റ്റ് കോർണർ മാറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിലമ്പൂരിൽ രാജിവച്ച് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാൻ അൻവർ ധൈര്യം കാട്ടുമോ എന്നതാണ് ചോദ്യം. മലയോര മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങളേറ്റെടുത്തതിന് തന്നെ സർക്കാർ ക്രൂശിക്കുന്നെന്ന ആരോപണമുന്നയിച്ചുള്ള രാജിയിലൂടെ എൽ.ഡി.എഫ് സർക്കാരിനെ പ്രതിസന്ധിയിലാക്കാനാവുമെന്ന കണക്കുകൂട്ടലുമുണ്ട്.


Source link
Exit mobile version