ആലപ്പുഴ: സ്ത്രീകളുടെ സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണനയെന്നും സ്ത്രീകളുടെ അഭിമാനത്തെ ചോദ്യംചെയ്യുന്ന വാക്കോ, നോക്കോ, പ്രവർത്തിയോ ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം ആലപ്പുഴ ജില്ലാസമ്മേളനത്തിന്റെ സമാപനയോഗം ഹരിപ്പാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിന് കേരളത്തോട് വല്ലാത്ത വിപ്രതിപത്തിയാണ്. കേന്ദ്രത്തിന്റെ അത്തരം നിലപാടിനോട് കോൺഗ്രസിന്റെ നയമെന്താ? നാടിന്റെ വികസനത്തെ ഇല്ലാതാക്കാൻ ബി.ജെ.പിയുടെ ബിടീമായാണ് കേരളത്തിൽ കോൺഗ്രസിന്റെ പ്രവർത്തനം. ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ച എൽ.ഡി.എഫ് സർക്കാർ, അതിനായി പ്രത്യേക കമ്പനി രൂപീകരിച്ചപ്പോൾ അതിനെതിരായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത് . കിഫ്ബിയെ നശിപ്പിക്കാനും ആസൂത്രിതമായി ശ്രമം നടന്നുവരികയാണ്. കിഫ് ബി വായ്പകളുടെ പേരിൽ കേന്ദ്രം കേരളത്തിനുള്ള വായ്പാ പരിധി വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കേണ്ട സ്ഥിതിയാണ്.
വർഗീയതയെ നേരിടാൻ മതനിരപേക്ഷതകൊണ്ടേ കഴിയൂ. ഭൂരിപക്ഷ വർഗീയതയുടെ പേരിലുണ്ടായ ആക്രമണങ്ങൾക്കും വംശഹത്യകൾക്കും ഏറ്റവും കൂടുതൽ ഇരയായത് ന്യൂനപക്ഷ വിഭാഗങ്ങളാണ്. ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ചില തെറ്റിദ്ധാരണകൾ സൃഷ്ടിച്ചിട്ടുണ്ട്. ഭൂരിപക്ഷ വർഗീയതയെ നേരിടാൻ ന്യൂനപക്ഷ വിഭാഗങ്ങൾ ആയുധ പരിശീലനമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് തുനിഞ്ഞത് ഭൂരിപക്ഷ വർഗീയതയ്ക്ക് പ്രോത്സാഹനമേ ആയിട്ടുള്ളൂ. ഒരു വർഗീയതയും നാടിന് നല്ലതല്ല. ഇരുട്ടിനെ ഇരുട്ടുകൊണ്ട് നേരിട്ടാൽ കൂരിരുട്ടാകും ഫലം. ഇരുട്ടിനെ നേരിടാൻ വെളിച്ചം വേണം. വർഗീയതയെ നേരിടാൻ മതനിരപേക്ഷതയ്ക്കേ കഴിയൂ. ഇപ്പോൾ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളായി മാറിയ സ്ഥലങ്ങളെല്ലാം മുമ്പ് കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായിരുന്നു. വർഗീയതുമായി കോൺഗ്രസ് സമരസപ്പെട്ടതാണ് അതിന്റെ കാരണം.
ജില്ലാ സെക്രട്ടറി ആർ. നാസർ അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സി.എസ് സുജാത, സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ മന്ത്രി സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗം സി.ബി ചന്ദ്രബാബു, സ്വാഗത സംഘം ചെയർമാൻ ടി.കെ ദേവകുമാർ, ജനറൽ കൺവീനർ എം. സത്യപാലൻ തുടങ്ങിയവർ സംസാരിച്ചു.
Source link