വാഹനാപകടങ്ങളിൽ സ്ത്രീകളുൾപ്പെടെ നാലു പേർക്ക് ദാരുണാന്ത്യം
ഒല്ലൂർ/ ഈരാറ്റുപേട്ട: സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ മൂന്നു സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം. ഈരാറ്റുപേട്ടയിൽ മദ്യലഹരിയിൽ യുവാക്കൾ ഓടിച്ചിരുന്ന കാർ വെയ്റ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി വ്യവസായി നടയ്ക്കൽ മഠത്തിൽ അബ്ദുൽ ഖാദർ (52) മരിച്ചു. തൃശൂർ ഒല്ലൂരിൽ കെ.എസ്.ആർ.ടി.സി സ്വിഫ്‌റ്റ് ബസിടിച്ച് ചിയ്യാരം വാകയിൽ റോഡിൽ സെന്റ് മേരീസ് കപ്പേളയ്ക്ക് സമീപം പുറാട്ടുകര വീട്ടിൽ എൽസി (72), സഹോദര ഭാര്യ പുറാട്ടുകര വീട്ടിൽ മേരി (73) എന്നിവർ മരിച്ചു.
ഏറ്റുമാനൂർ തവളക്കുഴിയ്ക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് എറണാകുളം കാക്കനാട് സ്വദേശി എൽസി മാത്യു (65) മരിച്ചു.
ശനിയാഴ്ച രാത്രി 10 ഓടെയാണ് നടക്കൽ കൊല്ലംകണ്ടം ഭാഗത്ത് വച്ച് മഠത്തിൽ ഹാർഡ് വെയർ ഉടമയായ അബ്ദുൽ ഖാദർ അപകടത്തിൽപ്പെട്ടത്. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബ്ദുൽ ഖാദറിനൊപ്പമിണ്ടായിരുന്ന പുത്തൻപറമ്പിൽ മാഹീന് പരിക്കേറ്റു. എറണാകുളത്ത് ഊബർ ടാക്സി ഡ്രൈവറായ കൊണ്ടൂർ നെല്ലൻകുഴിയിൽ ആദർശ് അഗസ്റ്റിനാണ് (36) കാർ ഓടിച്ചിരുന്നത്. രക്ത പരിശോധനയിൽ ഇയാൾ മദ്യപിച്ചരുന്നതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തു. അബ്ദുൽ ഖാദറിന്റെ ഭാര്യ: സുമി (പെന്തനാൽ കുടുംബാംഗം). മക്കൾ: ഐഷ, റിസ്വാൻ, രഹാൻ. കബറടക്കം നടത്തി.
ഒല്ലൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സ്വിഫ്‌റ്റ് ബസിടിച്ച് സ്ത്രീകൾ മരിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. വാകയിൽ റോഡിൽ നിന്ന് ചിയ്യാരം ഗലീലിപള്ളിയിലേക്ക് പോകാനായി പ്രധാനറോഡ് മുറിച്ച് കടക്കുന്നതിനിടെ തൃശൂർ ഭാഗത്ത് നിന്നെത്തിയ ബസിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
പരേതനായ റപ്പായിയാണ് മേരിയുടെ ഭർത്താവ്. മക്കൾ: പ്രിന്റോ, പ്രീതി, പ്രിജ. മരുമക്കൾ: ഷീലു, ജോർജ്, സ്റ്റീഫൻ. എൽസിയുടെ മറ്റുസഹോദരങ്ങൾ: തോമസ്, ജോൺസൺ, ജേക്കബ്, ആന്റോ, ജോസ്ഫീന. ഇരുവരുടെയും സംസ്കാരം ഇന്ന് രാവിലെ 9ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.
എം.സി റോഡിൽ ഏറ്റുമാനൂർ തവളക്കുഴിയ്ക്ക് സമീപം ശനിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. എൽസി മാത്യുവിന് ഒപ്പമുണ്ടായിരുന്ന മകളെയും മരുമകനെയും, പേരക്കുട്ടിയെയും കാരിത്താസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Source link