കൂടുതൽ വെളിപ്പെടുത്തൽ ; വിദ്യാർത്ഥിനി കൂട്ട പീഡനത്തിനും ഇര, അറസ്റ്റിലായവർ 20 ആയി
പ്രതികളിൽ പതിനേഴുകാരനും
റിപ്പോർട്ട് തേടി ദേശീയ വനിതാ കമ്മിഷൻ
പത്തനംതിട്ട : കായികതാരമായ ദളിത് വിദ്യാർത്ഥിനിയെ അഞ്ചു വർഷത്തിനിടെ 64 പേർ ലൈംഗികപീഡനത്തിനിരയാക്കിയ കേസിൽ ഇന്നലെ 15 പേർ കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. പെൺകുട്ടി സംഘംചേർന്നുള്ള പീഡനത്തിനും ഇരയായി. പ്രതികളുടെ പേരിൽ പോക്‌സോ, പട്ടികജാതി പീഡന നിരോധനം വകുപ്പുകൾ ചുമത്തി.
അറസ്റ്റിലായവരിൽ രണ്ടുപേർ പ്ലസ്ടു വിദ്യാർത്ഥികളാണ്. ഒരാൾ പതിനേഴുകാരനാണ്. ഒരുമാസം മുമ്പ് വിവാഹം കഴിഞ്ഞയാളും അടുത്തയാഴ്ച വിവാഹ നിശ്ചയം നടക്കേണ്ടയാളും മീൻകച്ചവടക്കാരായ സഹോദരന്മാരും മൂന്ന് ഓട്ടോ ഡ്രൈവർമാരും അറസ്റ്റിലായവരിലുണ്ട്. പത്തനംതിട്ട വനിതാ പൊലീസ് കസ്റ്റഡിയിലുള്ള പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണ്. പ്രതികളുടെ എണ്ണം കൂടിയേക്കാം. പ്രതികളെ പെൺകുട്ടിക്കു മുന്നിൽ തിരിച്ചറിയൽ പരേഡ് നടത്തും.
അതിനിടെ, സംഭവത്തിൽ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ വിജയാ രഹാത്‌ക്കർ മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
കാമുകനും സുഹൃത്തുകളുമുൾപ്പെട്ട വലിയൊരു ശൃംഖലയിലാണ് പെൺകുട്ടി അകപ്പെട്ടത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘവും പീഡിപ്പിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിൽ നിന്നാണ് പെൺകുട്ടിയെ പലരും കൂട്ടിക്കൊണ്ടുപോയിരുന്നത്. വൈകിട്ട് വീടിനു സമീപം കൊണ്ടുവിടും.
കാമുകൻ സൂത്രധാരൻ
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് പല സ്ഥലങ്ങളിൽ വച്ച് ഒരേസമയം ഒന്നിലേറെപ്പേർ പീഡിപ്പിച്ചതായി വിവരം ലഭിച്ചത്. 13 വയസുള്ളപ്പോൾ ഒന്നാംപ്രതിയും കാമുകനുമായ സുബിൻ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്തു. കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കൈക്കലാക്കി. ബൈക്കിൽ കയറ്റി റബർ തോട്ടത്തിലെത്തിച്ച് പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. മറ്റൊരു ദിവസം പുലർച്ചെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയി ഷെഡിൽ വച്ച് പീഡിപ്പിച്ചു. ഇതിനുശേഷമാണ് കൂട്ടുകാർക്ക് കാഴ്ചവച്ചത്. ഇവർ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു. 2019 മുതൽ പീഡനം തുടർന്നു.
കേസ് 6 സ്റ്റേഷൻ
പരിധിയിൽ
പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, കോന്നി, ആറൻമുള, റാന്നി പൊലീസ് സ്റ്റേഷൻ പരിധികളിലേക്ക് കേസ് വ്യാപിപ്പിച്ചു. രാത്രിയിൽ പിതാവിന്റെ മൊബൈൽ ഫോണിലായിരുന്നു പ്രതികൾ പെൺകുട്ടിയുമായി ചാറ്റ് ചെയ്തിരുന്നത്.
ഫോണിൽ നിന്ന് തിരിച്ചറിഞ്ഞ 32 പേരെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. പഠിക്കുന്ന സ്ഥാപനത്തിൽ നടത്തിയ കൗൺസലിംഗിലാണ് പീഡനവിവരം വെളിപ്പെടുത്തിയത്. പത്തനംതിട്ട ഡിവൈ.എസ്.പി എസ്.നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം..
ഇന്നലെ അറസ്റ്റിലായവർ
പത്തനംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത മൂന്ന് കേസുകളിൽ ഇലവുംതിട്ട സ്വദേശികളായ ഷംനാദ് (20), അഫ്സൽ (21), സഹോദരൻ ആഷിക്ക് (20), നിധിൻ പ്രസാദ് (21), അഭിനവ് (18), കാർത്തിക് (18), കണ്ണപ്പൻ ( സുധീഷ് -27), നിഷാദ് (അപ്പു – 31), ഒരു പതിനേഴുകാരൻ. രാത്രി വൈകി അറസ്റ്റിലായവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.
Source link