സ്വിഫ്റ്റ്  ബസ്  ഇടിച്ച് കാൽനട യാത്രക്കാരായ രണ്ട് സ്ത്രീകൾ മരിച്ചു,  അപകടത്തിൽപ്പെട്ടത് പള്ളിയിലേക്ക് പോകുന്നതിനിടെ

തൃശൂർ: ഒല്ലൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് കാൽനട യാത്രക്കാരായ രണ്ട് സ്ത്രീകൾ മരിച്ചു. ചീയാരം സ്വദേശികളായ ഏൽസി(72), മേരി(73) എന്നിവരാണ് മരിച്ചത്. ഇന്നുരാവിലെ ആറരയോടെ ഒല്ലൂർ ചീയരാം ഗലീലിയ്ക്ക് സമീപത്തായിരുന്നു അപകടം. പള്ളിയിലേക്ക് പോകാൻ എത്തിയ അയൽവാസികളായ ഇവർ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ് അമിത വേഗത്തിലായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ടുപേരുടെയും മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകാെടുക്കും.

ഒരാഴ്ചയ്ക്കിടെ തൃശൂർ ജില്ലയിൽ സ്വിഫ്​റ്റ് ബസ് ഉണ്ടാക്കുന്ന രണ്ടാമത്തെ അപകടമാണിത്. രണ്ട് അപകടങ്ങളിലായി മൂന്നുജീവനുകളാണ് നഷ്ടമായത്. ഇക്കഴിഞ്ഞ ബുധനാഴ്ച തൃശൂർ വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറയിൽ സ്വിഫ്​റ്റ് ബസ്സും ഗുഡ്സ് ഓട്ടോറിക്ഷയും ഇടിച്ച് നാലുവയസുകാരി മരിച്ചിരുന്നു. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഗുഡ്സ് ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന മുള്ളൂർക്കര സ്വദേശിനി നൂറാ ഫാത്തിമയാണ് മരിച്ചത്.ഗുഡ്സ് ഓട്ടോറിക്ഷയിലുണ്ടായിരുന്നവർ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഓട്ടോയുടെ പിന്നിൽ ബസ് ഇടിക്കുകയായിരുന്നു.

റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം അടുത്തിടെ കൂടിവരികയാണ്. ഡ്രൈവിംഗിലെ അശ്രദ്ധയാണ് മിക്ക അപകടങ്ങൾക്കും ഇടയാക്കുന്നതെന്നാണ് മോട്ടാേർ വാഹന വകുപ്പും പൊലീസും പറയുന്നത്. ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതും മോശം റോഡുകളും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ തുടരുന്നതിനിടെയാണ് അപകടങ്ങൾ കൂടുന്നത്.


Source link
Exit mobile version