പണിമുടക്കി ഐആർസിടിസി, യാത്രക്കാർക്കു നിരാശ; ട്രെയിൻ ടിക്കറ്റിന് വേറെയും വഴിയുണ്ട്

പണിമുടക്കി ഐആർസിടിസി, യാത്രക്കാർക്കു നിരാശ; ട്രെയിൻ ടിക്കറ്റിന് വേറെയും വഴിയുണ്ട്- IRCTC | Train | Ticket Booking | Manorama News

പണിമുടക്കി ഐആർസിടിസി, യാത്രക്കാർക്കു നിരാശ; ട്രെയിൻ ടിക്കറ്റിന് വേറെയും വഴിയുണ്ട്

ഓൺലൈൻ ഡെസ്‌ക്

Published: January 12 , 2025 06:06 PM IST

1 minute Read

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി ∙ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പ്രധാന പ്ലാറ്റ്‌ഫോമായ ഐആർസിടിസിയിൽ (ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) സങ്കേതിക തകരാർ. രാജ്യത്തുടനീളമുള്ള ഉപയോക്താക്കൾക്കു വെബ്‌സൈറ്റും മൊബൈൽ ആപ്പും കിട്ടുന്നില്ലെന്നാണു പരാതി. നേരത്തേ നിശ്ചയിച്ച അറ്റകുറ്റപ്പണിയെ തുടർന്നുള്ള തകരാറാണെന്നാണു സൂചന. ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും മറ്റും സാധിക്കാതെ പലരും നിരാശരായി. ചുരുങ്ങിയ കാലയളവിൽ അഞ്ചാമത്തെ തടസ്സമാണിത്.

തകരാർ രേഖപ്പെടുത്തുന്ന ഡൗൺഡിറ്റക്ടർ 2,500ലധികം പരാതികളാണു റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ചയും ഡിസംബർ 31‌നും ഉൾപ്പെടെ അടുത്ത ദിവസങ്ങളിൽ സമാന തടസ്സങ്ങൾ ഉണ്ടായിരുന്നു. ഐആർസിടിസി പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യതയ്ക്ക് ഇതോടെ മങ്ങലേറ്റു. തിരക്കുള്ള സമയങ്ങളിൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ നിരാശ പങ്കുവച്ചു. ചിലർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെയും ടാഗ് ചെയ്തിട്ടുണ്ട്.

‘‘തത്കാൽ ടിക്കറ്റിനായി രാവിലെ 10 മണിക്ക് ഐആർസിടിസി പോർട്ടലിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നതിനെക്കുറിച്ച് ഒരു റീൽ ഉണ്ടാക്കൂ’’ എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പരിഹാസ പോസ്റ്റ്. ‘‘രാവിലെ 10:11 ആയിട്ടും ഐആർസിടിസി തുറന്നിട്ടില്ല. തട്ടിപ്പുകൾ നടക്കുന്നുണ്ട്. അന്വേഷിക്കണം’’– മറ്റൊരു ഉപയോക്താവ് കുറിച്ചു. ‘‘അറ്റകുറ്റപ്പണി മൂലം ഇ-ടിക്കറ്റിങ് സേവനം ലഭ്യമാകില്ല. പിന്നീട് വീണ്ടും ശ്രമിക്കുക’’ എന്ന സന്ദേശമാണ് ഐആർസിടിസി വെബ്‌സൈറ്റിൽ കാണുന്നത്.
∙ ഇതാ, ബദൽ മാർഗങ്ങൾ

ഐആർസിടിസി പോർട്ടൽ പണിമുടക്കിയതോടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ബദൽ മാർഗങ്ങൾ തേടുകയാണു യാത്രക്കാർ. ഐആർസിടിസി റെയിൽ കണക്റ്റ് മൊബൈൽ ആപ് ഉപയോഗിച്ച് ട്രെയിനുകളുടെ സമയം തിരയാനും ടിക്കറ്റുകൾ ബുക്ക് ചെയ്യാനും കഴിയും. അംഗീകൃത ടിക്കറ്റ് ബുക്കിങ് ഏജന്റിനെയോ ലോക്കൽ ട്രാവൽ ഏജൻസിയെയോ സമീപിക്കാം. റെയിൽവേ റിസർവേഷൻ കൗണ്ടറിൽ നേരിട്ടുപോയി ഫോം പൂരിപ്പിച്ചും ടിക്കറ്റെടുക്കാം.
ഐആർസിടിസിയുമായി ബന്ധിപ്പിച്ചിട്ടുള്ള പേടിഎം, മേക്ക്മൈ ട്രിപ്, കൺഫേം ടിക്കറ്റ്, റെഡ് ബസ് തുടങ്ങിയ സ്വകാര്യ പ്ലാറ്റ്ഫോമുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. റെയിൽവേ ഹെൽപ്‌‍ലൈൻ നമ്പരായ 139ൽ വിളിച്ച് ട്രെയിൻ വിവരങ്ങൾ അറിയാനും ഐവിആർ സിസ്റ്റത്തിലൂടെയോ ഏജന്റുമായി സംസാരിച്ചോ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും യാത്രക്കാർക്കു കഴിയുമെന്നു റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ചില പോസ്റ്റ് ഓഫിസുകളിലും ട്രെയിൻ ടിക്കറ്റ് ബുക്കിങ് സേവനങ്ങളുണ്ട്.

പ്രവർത്തന തകരാറുകളെത്തുടർന്നു ടിക്കറ്റുകൾ റദ്ദാക്കുകയോ ഷെഡ്യൂൾ മാറ്റുകയോ ചെയ്യേണ്ട യാത്രക്കാർക്ക് ഐആർസിടിസിയിൽ സൗകര്യമുണ്ട്. 14646, 08044647999, 08035734999 എന്നീ കസ്റ്റമർകെയർ നമ്പറുകളിൽ ബന്ധപ്പെടുകയോ etickets@irctc.co.in എന്ന ഇമെയിൽ വിലാസത്തിലേക്കു ടിക്കറ്റ് വിവരങ്ങൾ അയയ്ക്കുകയോ ചെയ്യാം.

English Summary:
IRCTC Down: Users facing ticket booking problems; alternative ways to book train tickets online

4tp9qrvsfrsvkp561napoevrl9 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-auto-irctc mo-news-world-countries-india-indianews mo-auto-trains mo-auto-indianrailway


Source link
Exit mobile version