മണൽ ഖനനം: താത്പര്യത്തോടെ സംരംഭകർ; എതിർത്ത് സംസ്ഥാനം

കൊച്ചി: കേരളതീരത്ത് ഓഫ്‌ഷോർ മണൽ ഖനനം നടത്താൻ താത്പര്യം പ്രകടിപ്പിച്ച് സംരംഭകർ. ഖനനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഖനി മന്ത്രാലയം കൊച്ചിയിൽ സംഘടിപ്പിച്ച റോഡ് ഷോയിലാണ് മൂന്നു മേഖലകളിൽ ഖനനത്തിന് സംരംഭകർ താത്പര്യം അറിയിച്ചത്. കേന്ദ്ര നീക്കത്തിൽ സംസ്ഥാന സർക്കാർ എതിർപ്പ് അറിയിച്ചു.

സുസ്ഥിരമായ തീരദേശ ഖനനം പ്രോത്സാഹിപ്പിക്കാൻ നടത്തിയ റോഡ് ഷോയ്‌ക്ക് മികച്ച പ്രതികരണം ലഭിച്ചെന്ന് സംഘാടകർ അറിയിച്ചു.

ഖനി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി വിവേക് ബാജ്‌പൈ, മന്ത്രാലയം സെക്രട്ടറി വി.എൽ. കാന്തറാവു എന്നിവർ സംസാരിച്ചു. നിർമ്മാണത്തിനുള്ള മണൽ, ലൈം മഡ്, പോളിമെറ്റാലിക് നോഡ്യൂളുകൾ തുടങ്ങിയ സമൃദ്ധമായ വിഭവങ്ങൾ ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനു പുറമെ അന്താരാഷ്ട്ര ഖനന മേഖലയിൽ ഇന്ത്യയെ പ്രധാന രാജ്യമായി മാറ്റുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.

അതേസമയം, കേരളതീരത്തെ ഖനനത്തിൽ എതിർപ്പ് അറിയിച്ചതായി വ്യവസായ വകുപ്പ് അറിയിച്ചു. സംസ്ഥാന താത്പര്യങ്ങൾ കണക്കിലെടുക്കാതെയും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ പരിഗണിക്കാതെയുമാണ് ഖനനത്തിന് കേന്ദ്രം തുനിയുന്നതെന്ന് വകുപ്പ് പറഞ്ഞു. റോഡ് ഷോയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം. മുഹമ്മദ് ഹനീഷ് സംസ്ഥാന സർക്കാരിന്റെ നിലപാട് അറിയിച്ചു. പരിസ്ഥിതി ഘടകങ്ങൾ പരിഗണിക്കാത്ത ഖനനം സമുദ്രത്തിലെ ജീവികളുടെ അതിലോല ആവാസവ്യവസ്ഥയ്‌ക്ക് ദോഷമാകുമെന്നും സംസ്ഥാന സർക്കാർ പറയുന്നു.

745 ദശലക്ഷം ടൺ മണൽ നിക്ഷേപം

ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ നടത്തിയ പഠനത്തിൽ നിർമ്മാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന 745 ദശലക്ഷം ടൺ മണൽ നിക്ഷേപം കേരള തീരത്തുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര നീക്കം. ബ്ലോക്കുകൾ ലേലം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കേരള തീരത്തിന്റെ ഭാഗമായ അഞ്ചു മേഖലകളാണ് മണൽ സഞ്ചയങ്ങളായി കണ്ടെത്തിയത്. പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം വടക്ക്, കൊല്ലം തെക്ക് എന്നിവയാണിവ. മണൽ ബ്ലോക്ക് ലേലത്തിന് പരിഗണിക്കുന്ന കൊല്ലം മേഖലയിലെ മൂന്നു ബ്ലോക്കുകളിലായി 300 ദശലക്ഷം ടൺ മണൽ നിക്ഷേപമുണ്ട്. ഖനനത്തിലൂടെ ലഭിക്കുന്ന റോയൽറ്റി പൂർണമായും കേന്ദ്ര സർക്കാരിനാണ്. 2023ലെ ഭേദഗതിയിലൂടെ സ്വകാര്യമേഖലയ്ക്കും ഖനനമേഖലയിൽ പങ്കാളിത്തം നൽകിയിട്ടുണ്ട്.


Source link
Exit mobile version