പാണക്കാട് സന്ദർശിച്ച് കർദിനാൾ മാർ ക്ലിമിസ് ബാവ

മലപ്പുറം: കേരള കതോലിക് ബിഷപ്‌സ് കൗൺസിൽ പ്രസിഡന്റ് കർദിനാൾ മാർ ക്ലിമിസ് ബാവ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

മലപ്പുറത്ത് വിവിധ പരിപാടികൾക്കായി വെള്ളിയാഴ്ച എത്തിയ കർദിനാൾ ഒരുമണിക്കൂറോളം പാണക്കാട് ചെലവഴിച്ചു. കത്തോലിക്കാ സഭകളുടെ അധിപനായ കർദിനാൾ മാർ ക്ലിമിസ് തിരുമേനി ആദ്യമായാണ് പാണക്കാട് സന്ദർശിക്കുന്നത്.

മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് കർദിനാൾ എല്ലാ പിന്തുണയും അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സമുദായങ്ങൾ തമ്മിൽ സൗഹാർദ്ദത്തോടെയും ഒത്തിണക്കത്തോടെയും മുന്നോട്ട് പോകണമെന്ന് അദ്ദേഹം പറഞ്ഞു. മുനമ്പം അടക്കമുള്ള പ്രശ്‌നങ്ങൾ സമുദായങ്ങൾ തമ്മിലുള്ള വെറുപ്പിനുള്ള അഗ്നിയാക്കാൻ ചിലർ ശ്രമിക്കുമ്പോൾ അതിനെ അണച്ചുകളഞ്ഞ സാദിഖലി തങ്ങളുടെ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു. മാനവസൗഹാർദ്ദം നിലനിൽക്കാൻ ഇനിയും ഇത്തരം ഇടപെടലുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.


Source link
Exit mobile version