KERALAM

ആലുവയിലെ കവർച്ചാക്കേസ് 40 പവൻ തട്ടിയത് ഉസ്താദ്; രക്ഷപ്പെടാൻ നാടകം

ആലുവ: ആലുവയിൽ 40 പവനും എട്ട് ലക്ഷം രൂപയും കവർന്ന കേസ് മന്ത്രവാദിയുടെ പ്രേരണയിൽ വീട്ടമ്മ നടത്തിയ വ്യാജ കവർച്ചാനാടകം. സംഭവവുമായി ബന്ധപ്പെട്ട് ആഭിചാരക്രിയ നടത്തുന്ന കളമശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ ചിറമനങ്ങാട് പടലക്കാട്ടിൽ ഉസ്താദ് എന്നു വിളിക്കുന്ന അൻവർ (36) അറസ്റ്റിലായി.

ആലുവയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണവും എട്ട് ലക്ഷം രൂപയും കവർന്നുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. ആലുവ കാസിനോ തിയേറ്ററിനു പിറകിൽ ആശാൻ ലെയിനിൽ ആയത്ത് ഇബ്രാഹിം കുട്ടിയുടെ ഭാര്യയാണ് പരാതി നൽകിയത്.

അൻവറിനെക്കുറിച്ചും ഇയാളുടെ ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ കെ. നന്ദകുമാർ, എസ്. ശ്രീലാൽ, എം.സി. ഹരീഷ്, അരുൺദേവ്, ചിത്തുജി, സിജോ ജോർജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 വ്യാജ പരാതി ഇങ്ങനെ

ജനുവരി ആറിന് പകൽ 11 നും വൈകിട്ട് അഞ്ചിനും മദ്ധ്യേ കള്ളൻ വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും കട്ടിലിനടിയിൽ ഒളിപ്പിച്ചിരുന്ന 8 ലക്ഷം രൂപയും കവർന്നു. പഴയ കെട്ടിടങ്ങൾ പൊളിക്കുന്ന ബിസിനസുകാരനായ ഇബ്രാഹാംകുട്ടി പുറത്തേക്കും ഭാര്യ ലൈല ദന്താശുപത്രിയിലേക്കും പോയപ്പോഴായിരുന്നു കവർച്ച. ലൈലയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആലുവ പൊലീസ് കേസെടുത്തത്. എന്നാൽ ലൈലയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളിൽ പൊലീസിന് സംശയം തോന്നുകയായിരുന്നു.

 അപകടമുണ്ടാകുമെന്ന് പ്രവചനം

ഭർത്താവിനും മക്കൾക്കും അപകടമരണം സംഭവിക്കുമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് അതിനു പരിഹാരം കാണാനായിരുന്നു അൻവർ തവണകളായി പണവും സ്വർണവും ആവശ്യപ്പെട്ടത്. പണവും സ്വർണവും വീട്ടിലിരിക്കുന്നത് അപകടമാണെന്നും മാന്ത്രിക ക്രിയകൾ പ്രതികൂലമാകുമെന്നും ഇയാൾ വിശ്വസിപ്പിച്ചു. തുടർന്ന് പണവും സ്വർണവും തവണകളായി അൻവറിന്റെ കളമശ്ശേരിയിലെ വീട്ടിലെത്തിച്ചു നൽകി. കൈയിലുള്ളതെല്ലാം തീർന്നപ്പോഴായിരുന്നു കവർച്ചാനാടകം. അൻവറിന്റെ നിർദേശപ്രകാരമാണ് ലൈല മുൻവശത്തെ വാതിലിന്റെ ലോക്ക് പൊളിച്ചതും വീട്ടിൽ കവർച്ച നടന്ന രീതിയിൽ ചിത്രീകരിച്ചതും. സ്വർണവും പണവും കിട്ടിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. ബന്ധു മുഖേനെ രണ്ട് വർഷം മുമ്പാണ് വീട്ടമ്മ ഇയാളെ പരിചയപ്പെട്ടത്.


Source link

Related Articles

Back to top button