തിരുവനന്തപുരം: വാറണ്ടിൽ നിന്ന് രക്ഷപ്പെടാൻ കണ്ണിൽ പൊടിയിടുന്ന ഉത്തരവിറക്കിയ ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേയ്ക്ക് വീണ്ടും കുരുക്ക്. സുപ്രീംകോടതി നിർദ്ദേശപ്രകാരം ഭിന്നശേഷി സംവരണം അടിസ്ഥാനമാക്കി സ്ഥാനക്കയറ്റം അനുവദിച്ച് ഇറക്കിയ ഉത്തരവിൽ, ഇത് കീഴ്‌വഴക്കമാക്കില്ലെന്ന് എഴുതിച്ചേർത്തതാണ് വിനയാകുന്നത്. അടുത്തമാസം 25ന് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യം കോടതി അലക്ഷ്യമായി ചൂണ്ടിക്കാട്ടും.
വർഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവിലാണ് ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലേക്ക് പേരൂർക്കട ജില്ലാ ആശുപ്രതിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ബി.ഉണ്ണിക്കൃഷ്ണന്റെ സ്ഥാനക്കയറ്റം അനുവദിച്ച് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവായത്. ഹൈക്കോടതി പലവട്ടം നിർദ്ദേശിച്ചിട്ടും സ്ഥാനക്കയറ്റം നൽകാത്തതിനെ തുടർന്ന് അഡീ.ചീഫ് സെക്രട്ടറിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ഉറപ്പായതോടെയാണ് ഉത്തരവിറക്കിയത്. എന്നാൽ ഡോ.ഉണ്ണികൃഷ്ണന് എവിടെയാണ് നിയമനമെന്ന് ഉത്തരവിൽ പറയുന്നില്ല.
ഡോ.ഉണ്ണിക്കൃഷ്ണനെ നിയമിക്കാൻ 2023 ഓഗസ്റ്റ് 9ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിധി നടപ്പാക്കാൻ സർക്കാർ തയാറായില്ല. കോടതിയലക്ഷ്യ ഹർജിയുമായി ഉണ്ണികൃഷ്ണൻ ഹൈക്കോടതിയിലെത്തി. ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സ്‌പെഷ്യൽ ലീവ് പെറ്റിഷനുമായി ആരോഗ്യവകുപ്പ് സുപ്രീംകോടതിയിൽ പോയി.
അതു തള്ളിയപ്പോൾ പുനഃപരിശോധാഹർജി നൽകി. അതും തള്ളി. നിയമന ഉത്തരവിട്ടില്ലെങ്കിൽ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഡിസംബർ 10ന് കോടതി നിർദേശിച്ചെങ്കിലും ഹാജരാകാതെ വന്നതോടെയാണ് വാറണ്ടിലേക്കു കടന്നത്.
Source link