KERALAM

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ തള്ളിയതിൽ പ്രതികരിച്ച് ഹണി റോസ്

കൊച്ചി: ലൈംഗിക അതിക്രമക്കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി നടി ഹണി റോസ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ഹണി റോസ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.


പതിനാല് ദിവസത്തേക്കാണ് ബോബി ചെമ്മണ്ണൂരിനെ റിമാൻഡ് ചെയ്തത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കോടതിയിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. വിധിക്ക് പിന്നാലെ ബോബി ചെമ്മണ്ണൂരിന്റെ രക്തസമ്മർദം ഉയർന്നു. പ്രതി കുഴഞ്ഞുവീണു. ഇതോടെ കോടതി മുറിയിൽ വിശ്രമിക്കാൻ അനുവദിച്ചു.

പ്രതിയെ ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ബോബി ചെയ്തത് ഗൗരവമേറിയ തെറ്റാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇപ്പോൾ ജാമ്യം നൽകിയാൽ അത് ഇത്തരം കുറ്റങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതുപോലെയാകും. പ്രതി നിരന്തരമായി പരാതിക്കാരിയെ അധിക്ഷേപിച്ചതിന് തെളിവുണ്ട്. മോശം പെരുമാറ്റത്തോടുള്ള എതിർപ്പ് ഹണി റോസ് കൃത്യമായി അറിയിച്ചിരുന്നു. ദുരുദ്ദ്യേശ്യത്തോടെ തന്നെയാണ് ബോബി കയ്യിൽ പിടിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.

ഹണി റോസിന്റെ രഹസ്യമൊഴി ഇന്നലെ വൈകിട്ട് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. നടപടി രണ്ടു മണിക്കൂർ നീണ്ടു. സൈബർ ആക്രമണത്തിന്റെ ഇരയാണെന്നും അശ്ലീല പരാമർശത്തിലൂടെ നിരന്തരം വേട്ടയാടുകയാണെന്നും നടിയുടെ പരാതിയിലുണ്ട്.


Source link

Related Articles

Back to top button