ജാമ്യമില്ല, കസേരയിൽ തളർന്നിരുന്ന് ബോബി

കൊച്ചി: ഒരു രാത്രി മുഴുവൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ കഴിഞ്ഞെങ്കിലും തെറ്റു ചെയ്‌തിട്ടില്ലെന്ന വാദവും ചിരിയുമായി കോടതിയിലെത്തിയ ബോബി ചെമ്മണൂർ ജാമ്യം നിഷേധിച്ച ഉത്തരവ് കേട്ടതോടെ തളർന്നു. ഇന്നലെ രാവിലെ 11ന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി, 12ഓടെയാണ് കോടതിയിൽ എത്തിച്ചത്. മാദ്ധ്യമങ്ങൾ കാത്തുനിന്ന പ്രധാന വഴിയിൽ നിന്ന് മാറ്റിയാണ് രണ്ടാംനിലയിലെ കോടതി മുറിയിലെത്തിച്ചത്.

റിമാൻഡ് റിപ്പോർട്ടിലും ജാമ്യഹർജിയിലും വാദം 2.30വരെ നീണ്ടു. ഉച്ചയ്‌ക്കുശേഷം ഉത്തരവ് പറയാൻ കോടതി പിരിഞ്ഞു. ബോബിയോട് കോടതിമുറിയിൽ തുടരാനും നിർദ്ദേശിച്ചു.

വൈകിട്ട് 4.45നാണ് മജിസ്ട്രേറ്റ് ജാമ്യം നിഷേധിക്കുന്ന ഉത്തരവ് വായിച്ചത്. പ്രതിക്കൂട്ടിലെ കസേരയിലിരുന്ന ബോബി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. ചുറ്റും നിൽക്കുന്നവരോട് മാറി നിൽക്കാനും വെള്ളം കൊടുക്കാനും കോടതി നിർദ്ദേശിച്ചു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി അഞ്ചരയോടെ ലിഫ്‌റ്റ് വഴി താഴെയിറക്കി. തെറ്റ് ചെയ്‌തിട്ടില്ലെന്ന് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ ബോബി ആവർത്തിച്ചു. 5.45ന് ജനറൽ ആശുപത്രിയിലെത്തിച്ച് വിശദമായ പരിശോധന നടത്തി. ആരോഗ്യനില ഭദ്രമെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകിയതോടെ 6.20ന് കാക്കനാട്ടെ ജില്ലാ ജയിലിലേക്ക്. 7.15ന് ബോബിയെ ജയിലിനകത്തേക്ക് കൊണ്ടുപോയി.

ശക്തമായ വാദപ്രതിവാദം

കോടതിയിൽ ശക്തമായ വാദപ്രതിവാദമാണ് നടന്നത്. കുറ്റം ചെയ്തിട്ടില്ലെന്ന വാദം ബോബിയുടെ അഭിഭാഷകൻ ബി. രാമൻപിള്ള ഉയർത്തി. കണ്ണൂരിലെ ഉദ്ഘാടന പരിപാടിയിൽ അപമാനിച്ചെന്ന പരാതി തെറ്റാണ്. ചില പരാമർശങ്ങൾ തെറ്റിദ്ധാരണയ്‌ക്ക് കാരണമായി. ഉദ്ഘാടനത്തിന് ശേഷവും ബോബിയും പരാതിക്കാരിയും സൗഹൃദത്തിലായിരുന്നു. അതിന് തെളിവുകളുണ്ട്. നാലു മാസത്തിനുശേഷം നൽകിയ പരാതിയിൽ അറസ്റ്റ് ആവശ്യമില്ലെന്നും വാദിച്ചു.

സ്ത്രീത്വത്തെ അവഹേളിക്കുന്ന പ്രവൃത്തികളാണ് ബോബിയുടേതെന്നായി​രുന്നു പ്രോസിക്യൂഷൻ നി​ലപാട്. ഉദ്ഘാടനച്ചടങ്ങിൽ അനുമതിയില്ലാതെ ശരീരത്ത് സ്‌പർശിച്ചു. മോശം പരാമർശവും നടത്തി. സമൂഹ മാദ്ധ്യമങ്ങളിൽ അവഹേളനം തുടർന്നു. വാർത്താസമ്മേളനത്തിലും മോശം പരാമർശം നടത്തി. മറ്റു സ്ത്രീകളെയും അവഹേളിക്കുന്നത് പതിവാണ്. അധിക്ഷേപിക്കുക മാത്രമല്ല, അവ പൊതുസമൂഹത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കി കുറ്റകൃത്യം ആവർത്തിച്ചെന്നും വാദിച്ചു.


Source link
Exit mobile version